ദേശീയ ഐക്യത്തില്‍ വിട്ടുവീഴ്ചയില്ല, ഖത്തര്‍ അമീര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ദേശീയ ഐക്യമാണ് ഖത്തറിന്റെ ശക്തിയെന്നും ആ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു. ചരിത്രപ്രധാനമായ തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ശൂറാ കൗണ്‍സിലിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അമീര്‍.
ആധുനിക ചരിത്രത്തില്‍ രാജ്യം അഭിമുഖീകരിച്ച നിര്‍ണായക പ്രതിസന്ധികളെ മറിടക്കാനായത് ദേശീയ ഐക്യം കൊണ്ടാണെന്നും ഐക്യവും ഒരുമയും സംരക്ഷിക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വമെന്നത് നിയമപരമായ വിഷയം മാത്രമല്ലെന്നും സാംസ്‌കാരരികമായ അസ്ഥിത്തമാണെന്നും അമീര്‍ പറഞ്ഞു. അവകാശബോധത്തോടൊപ്പം ഉത്തരവാദിത്തങ്ങളും ബാധ്യതയുമാണ് പൗരത്വത്തൈ മഹനീയമാക്കുക.
ലോകകപ്പ് ഖത്തറികളുടെ ‘തുറന്ന സമീപനവും സഹിഷ്ണുതയും’ ലോകത്തിന് മുമ്പില്‍ അവതരിപ്പക്കാനുള്ള അവസരമാണെന്നും ഓരോരുത്തരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അമീര്‍ പറഞ്ഞു. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തര്‍ വിവിധ രംഗങ്ങളില്‍ ലോകത്തിന് മാതൃകയാണ് .
പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി , അമീറിന്റെ പേര്‍സണല്‍ റെപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി , ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഥാനി , ആഭ്യന്തര മന്ത്രിയും പ്രധാന മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അ്‌സീസ് അല്‍ ഥാനി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.