
ജീവിതത്തിലും കരിയറിലും പ്രചോദനങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു ; അബൂബക്കര്‍ മാടപ്പാട്ട്
അഫ്‌സല്‍ കിളയില്‍ : –
ഷാര്‍ജ : ജീവിതത്തിലും കരിയറിലും വിജയം ഉറപ്പാക്കുന്നതില്‍ പ്രചോദനങ്ങളുടെ പങ്ക് അനുദിനം വര്‍ദ്ധിച്ച് വരികയാണെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ അബൂബക്കര്‍ മാടപ്പാട്ട് അഭിപ്രായപ്പെട്ടു.
നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവത വിജയം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. നിരന്തരമായ പരിശ്രമങ്ങളും കഠിനാദ്ധ്വാനവും ടീം വര്‍ക്കുമൊക്കെ അതില്‍ പ്രധാനങ്ങളാണ്. ഈ ഗുണങ്ങളെയൊക്കെ അരക്കിട്ടുറപ്പിക്കുകയും വിജയപഥത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നതില്‍ പ്രചോദനങ്ങള്‍ക്ക് കാര്യമായ പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് അനുഭവം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ആദ്യ പ്രതി ഏറ്റുവാങ്ങി. വിജയമന്ത്രങ്ങള്‍ കോവിഡ് കാലം സമ്മാനിച്ച ഏറ്റവും സര്‍ഗാത്മകമായ ഒരു പ്രവര്‍ത്തനമായിരുന്നുവെന്നും ജനലക്ഷങ്ങളെ സ്വാധീനിച്ച ഒരു പോഡ്കാസ്റ്റായിരുന്നുവെന്നും പുസ്തകത്തിന്റെ മറ്റൊരു ഭാഗം പ്രകാശനം ചെയ്ത സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു. എല്ലാ ആളുകള്‍ക്കും ആശ്വാസത്തിന്റെ തണലേകുന്ന സന്ദേശപ്രധാനമായ വാക്കുകളും അനുഭവങ്ങളും ഏറെ സഹായകമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരന്തരം മോട്ടിവേഷനുകള്‍ കേള്‍ക്കുന്നതും വായിക്കുന്നതുമൊക്കെ വ്യക്തികളെ ഉന്നതിയിലേക്ക് നയിക്കുമെന്നും പോഡ്കാസ്റ്റായും പുസ്തകമായും പ്രചാരം നേടിയ വിജയമന്ത്രങ്ങള്‍ മലയാളി സമൂഹത്തിന് ഒരു മുതല്‍ കൂട്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂരാണ് മറ്റൊരു ഭാഗം പ്രകാശനം ചെയ്തത്. അബ്ദു ശിവപുരം കോപ്പി ഏറ്റുവാങ്ങി. ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മൈന്റ് ട്യൂണര്‍ സി.എ റസാഖ്, ബന്ന ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. എം.എ സുഹൈല്‍ സ്വാഗതവും ഡോ. അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.