Uncategorized

ഡോം ഖത്തര്‍ 2022 സ്‌പോര്‍ട്‌സ് ക്യാമ്പയിന് തുടക്കം കുറിച്ചു

അഫ്‌സല്‍ കിളയില്‍ :-

ദോഹ : ലോകകപ്പ് കൗണ്ട് ഡൗണിനോടാനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡോം ഖത്തര്‍ 2022 എന്ന പ്രോജക്റ്റിനു ഡയസ്‌പോറ ഓഫ് മലപ്പുറം രൂപം നല്‍കി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഖത്തറിലും ഇന്ത്യയിലുമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ഡിസംബര്‍ അവസാനവാരം കൊടി ഉയരും.ഉദ്ഘാടന ദിവസം തന്നെ അറുപത്തിനാല് ടീമുകള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ ഷൂട്ടൗട്ട് ടൂര്‍ണമെന്റ്, കലാ സാംസ്‌കാരിക മേഖലകളെ സമന്വയിപ്പിച്ചുകൊണ്ട് ഖത്തറിന്റെ പൈതൃകവും വേള്‍ഡ് കപ്പ് സ്റ്റേഡിയങ്ങളും അടിസ്ഥാനമാക്കി വിവിധ കലാ വിരുന്നുകള്‍, ഘോഷയാത്ര തുടങ്ങിയവ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

ഒരു വര്‍ഷ ക്യാമ്പയിന്റെ ഭാഗമായി കേരളത്തില്‍ വെച്ച് ഖത്തര്‍ സാംസ്‌കാരിക ചരിത്രം, ആതിഥേയരായ രാജ്യത്തിന്റെ സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള സൗകര്യങ്ങള്‍ വരച്ചുകാണിക്കുന്ന വിപുലമായ എക്‌സിബിഷന്‍, ജില്ലയിലെ യുവജന സ്‌പോര്‍ട്‌സ് ക്ലബ്ബുകളിലെയും സ്ഥാപനങ്ങളിലെയും പ്രധാന പ്രവര്‍ത്തകര്‍ക്കായി പരിശീലന സെഷനുകള്‍, പ്രമുഖ സ്‌പോര്‍ട്‌സ് താരങ്ങളെ അണിനിരത്തിയുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവയും നടക്കും. കൂടാതെ ഖത്തറില്‍ സെവന്‍സ് ഫുട്‌ബോള്‍ ലീഗ്, ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ലോകത്തെമ്പാടുമുള്ള സ്‌പോര്‍ട്‌സ് ആരാധകരെ പങ്കെടുപ്പിച്ചുകൊണ്ട് സ്‌പോര്‍ട്‌സ് ക്വിസ് എന്നിവ നടത്തുവാനും സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്.

‘ഹോസ്റ്റ് എ ഫാന്‍’ പദ്ധതിയുടെ ഭാഗമായി അഞ്ഞൂറിലധികം ഫുട്‌ബോള്‍ ആരാധകരെ ഹോസ്റ്റ് ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. ഈ വിഷയങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ പ്രോജക്ട് പ്ലാന്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിനും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിക്കും സമര്‍പ്പിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. കിക്കോഫ് 2022 ന്റെ പ്രഖ്യാപനം ഐസിസിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോം ഖത്തര്‍ പ്രസിഡണ്ട് വിസി മഷ്ഹൂദ് നിര്‍വഹിച്ചു. ഐസിസി മാനേജിങ് കമ്മിറ്റി അംഗം അനീഷ് ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയുടെ ഐക്യത്തെയും ഇത്തരത്തിലൊരു പ്രോജക്ടുമായി മുന്നോട്ടു വന്ന ഡോം ഖത്തറിനെയും അദ്ദേഹം പ്രശംസിച്ചു. ലോകകപ്പിനോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ എല്ലാവിധ സഹകരണവും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോക്ടര്‍ മോഹന്‍ തോമസ് ഉറപ്പുനല്‍കി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സ്‌പോര്‍ട്‌സ് ക്യാമ്പയിന്‍ പ്രോജക്ട് ജനറല്‍ സെക്രട്ടറി അബ്ദുല്‍അസീസ് ചെവിടി കുന്നന്‍ അവതരിപ്പിച്ചു.

ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഉസ്മാന്‍ കല്ലന്‍, വനിതാ വിങ്ങ് ജനറല്‍ കണ്‍വീനര്‍ സൗമ്യ പ്രദീപ്, ചെയര്‍ പേഴ്‌സണ്‍ റസിയ ഉസ്മാന്‍, ഐസിസി മുന്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, അഷ്‌റഫ് ചിറക്കല്‍, ബഷീര്‍ കുനിയില്‍, മുഹമ്മദ് ഷാഫി, റഫീഖ് കാരാട്, നിസ്തര്‍, ഡോക്ടര്‍ സെയ്ബു ജോര്‍ജ്, ഡോക്ടര്‍ കഥകി മാനൂര്‍, അഹമ്മദ് നിയാസ്, കോയ കൊണ്ടോട്ടി, റീന ഫിലിപ്പ് എന്നിവര്‍ സദസ്സിനെഅഭിസംബോധന ചെയ്തു. വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഷീദ് പി പി അധ്യക്ഷത വഹിച്ച ചടങ്ങിനു കേശവദാസ് നിലമ്പൂര്‍ സ്വാഗതവും രതീഷ് കക്കോവ് നന്ദിയും പ്രകാശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!