ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ ഥാനി അറബ് സ്പോര്‍ട്സ് പേഴ്സണാലിറ്റി 2021
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ ഥാനി അറബ് സ്പോര്‍ട്സ് പേഴ്സണാലിറ്റി 2021 ആയി തെരഞ്ഞെടുക്കപ്പെട്ടതായി പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ പെനിന്‍സുല ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (എംബിആര്‍) ക്രിയേറ്റീവ് സ്പോര്‍ട്സ് അവാര്‍ഡിലാണ് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ കിരീടത്തില്‍ പുതിയ പൊന്‍തൂവലായി ഈ അംഗീകാരം ലഭിച്ചത്.
2015 ല്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റശേഷമുള്ള മികച്ച പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമാണ് ശൈഖ് ജൗആനെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്.
ഈ വര്‍ഷം നടന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടി ഖത്തര്‍ കായിക രംഗത്തെ മികവ് തെളിയിച്ചിരുന്നു.
2015-ല്‍ ദോഹയില്‍ നടന്ന ലോക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതിയുടെ ചെയര്‍മാനായിരുന്ന ശൈഖ് ജൗആന്‍ 2030 ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ വിജയകരമായ ശ്രമത്തിനും നേതൃത്വം നല്‍കി. 2006-ലാണ് ദോഹ ആദ്യമായി പ്രീമിയര്‍ കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചത്.
കൂടാതെ നിരവധി ദേശീയ അന്തര്‍ദേശീയ കായിക മല്‍സരങ്ങളാണ് ശൈഖ് ജൗആന്റെ നേതൃത്വത്തില്‍ ഖത്തര്‍ ഒളിമ്പിക് കമ്മറ്റി സംഘടിപ്പിച്ചത്.
ലോകത്തെ മുന്‍നിര ക്രിക്കറ്റ് രാഷ്ട്രങ്ങളിലൊന്നായി പാക്കിസ്ഥാനെ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അന്താരാഷ്ട്ര കായിക വ്യക്തിത്വമായും അവാര്‍ഡ് കമ്മിറ്റി തിരഞ്ഞെടുത്തു.