നന്തി അസോസിയേഷന്‍ ഖത്തര്‍ ഡെലിഗേറ്റ്‌സ് മീറ്റ് സൗഹൃദ സംഗമമായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി മണ്ഡലത്തിലെ നന്തി പ്രദേശ വാസികളുടെ ഖത്തറിലെ കൂട്ടായ്മ നന്തി അസോസിയേഷന്‍ ഖത്തര്‍ ബര്‍വ വില്ലേജ് റൊതാന റെസ്റ്റാറ്റാന്റില്‍ സംഘടിപ്പിച്ച ഡെലിഗേറ്റ്‌സ് മീറ്റ് 2021 സൗഹൃദ സംഗമമായി. കോവിഡ് കാലത്ത് മന്ദഗതിയിലായിരുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഏറെക്കാലത്തിനു ശേഷം പ്രവര്‍ത്തകര്‍ക്ക് കൂടിയിരുന്ന് സൗഹൃദം പങ്ക് വെക്കാനുമുള്ള വേദിയായി മാറിയ ഡെലിഗേറ്റ്‌സ് മീറ്റ് പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജസ്വലരാക്കി. ഖത്തറിലെ മലയാളി പ്രമുഖരുടെ സാന്നിധ്യവും സംസാരവും പ്രവര്‍ത്തകര്‍ക്ക് ആവേശമേകി.
സ്വന്തം കാര്യങ്ങള്‍ മറന്നുകൊണ്ട് അന്യന്റെ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന പൊതു പ്രവര്‍ത്തകര്‍ ഇടക്കെങ്കിലും സ്വന്തത്തെ ക്കുറിച്ചും ബോധവാന്മാരാകണമെന്ന് ഈ അടുത്ത ദിവസം ഉണ്ടായ വ്യക്തിപരമായ അനുഭവം വിവരിച്ചുകൊണ്ട് പരിപാടി ഉല്‍ഘാടനം ചെയ്ത ഐസിസി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര കേരള സര്‍ക്കാരുകള്‍ പ്രവാസികള്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ പ്രവാസികള്‍ പ്രയോജനപ്പെടുത്തണമെന്നും പരമാവധി പേര്‍ ക്ഷേമനിധിയില്‍ അംഗങ്ങളാവണമെന്നും ചടങ്ങില്‍ പ്രവാസി ക്ഷേമ നിധിയും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ ക്ലാസെടുത്ത സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പ്രവര്‍ത്തകരെ ഉല്‍ബോധിപ്പിച്ചു. ഖത്തറില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി ഐ.സി.ബി.എഫ് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുമായും എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉല്‍ഘാടനം ഐസിസി പ്രെസിഡന്റ്‌റ് പി.എന്‍. ബാബുരാജന്‍ അസോസിയേഷന്‍ കണ്‍വീനര്‍ കെ.വി. ബഷീറിന് ഫോം നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.
നന്തി അസോസിയേഷന്‍ ഖത്തര്‍ 2021 – 2022 മെമ്പര്‍ഷിപ് ഉല്‍ഘാടനം പുതുതായി നാട്ടില്‍ നിന്നും ഖത്തറില്‍ എത്തിച്ചേര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഹുബൈബ് കുറുക്കനാട്ടിനു അസോസിയേഷന്‍ ചെയര്‍മാന്‍ ഫോം നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ അസോസിയേഷന്‍ ചെയര്‍മാന്‍ മുസ്തഫ മലമ്മല്‍ അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ മുന്‍ ചെയര്‍മാന്മാരായ റഷീദ് ടി.പി , ബഷീര്‍ കോവുമ്മല്‍ , മുന്‍ കണ്‍വീനര്‍ പി.ആര്‍. എ. കരിം, ഹുബൈബ് കുറുക്കനാട്ട്, റഷീദ് കൂരളി എന്നിവര്‍ സംസാരിച്ചു .
എക്‌സിക്യൂട്ടീവ് മെമ്പര്‍ ഷാജി പി.വി സംഘടനയെ പരിചയപ്പെടുത്തി. ജനറല്‍ കണ്‍വീനര്‍ നബീല്‍ നന്തി സ്വാഗതവും കണ്‍വീനര്‍ ജംഷാദ് കോവുമ്മല്‍ നന്ദിയും പറഞ്ഞു .