ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ വര്‍ദ്ധനവില്‍ ആശങ്ക വേണ്ട, ഡോ. ജമീല അല്‍ അജ്മി
ദോഹ: ഖത്തറില്‍ ഏതാനും ആഴ്ചകളായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവില്‍ ആശങ്ക വേണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ കോര്‍പറേറ്റ് ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജമീല അല്‍ അജ്മി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡിന്റെ പുതിയവകഭേദമായ ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണിയും പ്രതിദിന കേസുകളുടെ വര്‍ദ്ധനയും കൊവിഡിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ അല്‍ അജ്മി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കുവാന്‍ പൊതുസമൂഹം മുന്നോട്ടുവരണം. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് 6 മാസം പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കുക, കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുകയോ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ വേഗത്തില്‍ പരിശോധന നടത്തുക, കണിശമായ സുരക്ഷ മുന്‍ കരുതലുകള്‍ സ്വീകരിക്കുക എന്നിവയാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓരോരുത്തരും സ്വീകരിക്കേണ്ട മൂന്ന് നടപടികളെന്ന് അവര്‍ വിശദീകരിച്ചു.