രണ്ടാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവലിന് ഉജ്വല തുടക്കം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: രണ്ടാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവലിന് ആസ്പയര്‍ പാര്‍ക്കില്‍ ഉജ്വല തുടക്കം. വിന്ററിന്റെ കുളിരും സാഹസിക യാത്രയുടെ ആവേശവും നിറഞ്ഞ അന്തരീക്ഷത്തില്‍ വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലും ഡിസൈനിലുമുള്ള 35 ഹോട്ട് എയര്‍ ബലൂണുകളോടെയാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ഇന്നലെ തുടക്കമായത്. ആസ്പയര്‍ പാര്‍ക്കിലെ ആകാശം വീണ്ടും തിളക്കമുള്ളതും വര്‍ണ്ണാഭമായതുമായ ചൂട് എയര്‍ ബലൂണുകളാല്‍ നിറയുമ്പോള്‍ ടൂറിസത്തിന്റെ പുതിയ സാധ്യതകളാണ് തെളിയുന്നത്.
അന്താരാഷ്ട്ര ഭക്ഷ്യമേളയും ഫിഫ അറബ് കപ്പും നടക്കുന്ന പശ്്ചാത്തലത്തില്‍ ഈ വര്‍ഷം കൂടുതല്‍ ആളുകള്‍ ബലൂണ്‍ ഫെസ്റ്റിവല്‍ പ്രയോജനപ്പെടുത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
ഖത്തര്‍ ദേശീയ ദിനം വരെ നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ 40 ബലൂണുകള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ തവള, കരടി, കടുവ, കുറുക്കന്‍, നായ, കോമാളി തുടങ്ങി ഒരു കപ്പല്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ആകൃതിയിലുള്ള ഹോട്ട് എയര്‍ ബലൂണുകളാണ് പ്രദര്‍ശിപ്പിക്കും.
ഖത്തറിനെ ഒരു ആഗോള ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഉത്സവമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹസന്‍ അല്‍ഥാനി പറഞ്ഞു.
ഫെസ്റ്റിവല്‍ സബ്സിഡിയുള്ള കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ബലൂണ്‍ റൈഡ് ബുക്ക് ചെയ്യാനുള്ള അവസരമാണ് ഈ ഇവന്റിലെ മുഖ്യ ആകര്‍ഷണം. ഒരാള്‍ക്ക് 299 റിയാല്‍ തോതില്‍ ബലൂണ്‍ സവാരിക്ക് പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും.
ഫെസ്റ്റിവലിന്റെ www.qatarballoonfestival.com എന്ന വെബ്സൈറ്റിലും ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലും ടിക്കറ്റുകള്‍ ലഭ്യമാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം 50,000 കവിയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.