ഫിഫ ലോക കപ്പ് ഖത്തര്‍ 2022 വിജയിപ്പിക്കുവാന്‍ ജി.സി.സി. പിന്തുണ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ല്‍ അറബ് ലോകത്ത് ആദ്യമായി നടക്കുന്ന ലോക കപ്പ് വിജയിപ്പിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും ഉറപ്പിച്ച് ഗള്‍ഫ് ഉച്ചകോടി.
കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്ന നാല്‍പത്തി രണ്ടാമത് ഗള്‍ഫ് ഉച്ചകോടിയുടെ ഫൈനല്‍ പ്രഖ്യാപനത്തിലാണ് ഖത്തര്‍ ആതിഥ്യമരുളുന്ന ലോക കപ്പ് വിജയിപ്പിക്കാനാവശ്യമായ പൂര്‍ണ പിന്തുണ ഗള്‍ഫ് രാജ്യങ്ങള്‍ ആവര്‍ത്തിച്ചത്.
ഗള്‍ഫ് ജനതയുടെ പ്രതീക്ഷക്കൊത്ത ഏകീകൃത വിദേശ നയം രൂപീകരിക്കുവാന്‍ കൂട്ടായ ശ്രമങ്ങള്‍ക്കാഹ്വാനം ചെയ്ത ഉച്ചകോടി മേഖലയുടെ സമാധാനവും പുരോഗതിയും സംബന്ധിച്ച നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ ശക്തമായ നിലപാട് ആവര്‍ത്തിച്ച ജി.സി.സി. ഉച്ചകോടി ഖുദ്‌സിലെ ഫലസ്തീനികളെ ലക്ഷ്യം വെച്ചുള്ള അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാവശ്യപ്പെട്ടു.
ഇറാന്‍ പ്രശ്‌നത്തില്‍ വിശദമായ ചര്‍ച്ചകളാണ് ഉച്ചകോടിയില്‍ നടന്നത്. അബൂമൂസ ദ്വീപുകളുടെ മേലുള്ള ഇറാന്റെ കയ്യേറ്റങ്ങള്‍ക്കെതിരെ നിലപാട് ആവര്‍ത്തിച്ച ഉച്ചകോടി ദ്വീപുകളുടെമേലുള്ള യു. എ. ഇയുടെ പരമാധികാരം അംഗീകരിക്കുകയും അന്താരാഷ്്ട്ര നിയമങ്ങളനുസരിച്ച് പ്രശ്‌നം പരിഹരിക്കുവാന്‍ ഇറാന്‍ സഹകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.
യമനിലെ ഹൂതി വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇറാന്‍ വിട്ട് നില്‍ക്കണമെന്നും വിഷയങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.