മിഡില്‍ ഈസ്റ്റിലെ പ്രഥമ സ്പോര്‍ട്സ് ബിസിനസ് ഡിസ്ട്രിക്റ്റുമായി ഖത്തറിലെ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ രംഗത്ത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മിഡില്‍ ഈസ്റ്റിലെ പ്രഥമ സ്പോര്‍ട്സ് ബിസിനസ് ഡിസ്ട്രിക്റ്റുമായി ഖത്തറിലെ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍രംഗത്ത് . മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ കായിക സാമ്പത്തിക ക്ലസ്റ്ററായാണ് ഈ സ്പോര്‍ട്സ് ബിസിനസ് ഡിസ്ട്രിക്റ്റ് പരിഗണിക്കപ്പെടുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച്, സ്പോര്‍ട്സ് ബിസിനസ് ഡിസ്ട്രിക്റ്റും ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റിയും സ്പോര്‍ട്സ് ബിസിനസിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്പോര്‍ട്സ് ബിസിനസ് ഡിസ്ട്രിക്റ്റ് കമ്മിറ്റി ചെയര്‍മാന്‍ അലി അബ്ദുല്ല അല്‍ മുതവയും ക്യുഎഫ്സിഎയുടെ ചീഫ് കോര്‍പ്പറേറ്റ് സര്‍വീസസ് ഓഫീസര്‍ ഫഹദ് സൈനലുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന് അനുസൃതമായി നിക്ഷേപങ്ങളിലൂടെയും സ്പോര്‍ട്സ് ബിസിനസ്സിലൂടെയും ഖത്തറി സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെയും പങ്കാളികളുടേയും പരിശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് സ്പോര്‍ട്സ് ബിസിനസ് ഡിസ്ട്രിക്റ്റ്.
ആസ്പയര്‍ സോണിന്റെ മധ്യഭാഗത്ത് വന്‍കിട സ്പോര്‍ട്സ് കമ്പനികള്‍ക്കായി നീക്കിവച്ചിരിക്കുന്ന നാല് ഇടങ്ങള്‍ ഉള്‍പ്പെടെ 80-ലധികം പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ക്ക് സ്ഥിരം ആസ്ഥാനം നല്‍കുകയും പ്രമുഖ അന്താരാഷ്ട്ര കമ്പനികള്‍ക്ക് അനുയോജ്യമായ ഒരു ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
സ്പോര്‍ട്സ് ബിസിനസ് ഡിസ്ട്രിക്റ്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതില്‍ സ്പോര്‍ട്സ് ബിസിനസ് ഡിസ്ട്രിക്ട് സിഇഒ അസം അബ്ദുല്‍ അസീസ് അല്‍ മന്നായ് സന്തോഷം പ്രകടിപ്പിച്ചു, ഇത് രാജ്യത്തും ലോകത്തും കായിക, സാമ്പത്തിക സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ അതുല്യമായ തുടക്കത്തെ പ്രതിനിധീകരിക്കുകയും സ്‌പോര്‍ട്‌സ് ബിസിനസ്സിനായുള്ള
ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
സ്പോര്‍ട്സ് ബിസിനസ് ഡിസ്ട്രിക്റ്റ് പദ്ധതി വിജയകരമാക്കുന്നതിന് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ അന്താരാഷ്ട്ര വൈദഗ്ധ്യവും കഴിവുകളുമുള്ള പിന്തുണ അദ്ദേഹം ചൂണ്ടിക്കാട്ടി.