ഖത്തറില്‍ പഴയ ഫര്‍ണിച്ചറുകള്‍ വീടിന് പുറത്ത് വലിച്ചെറിയരുതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പഴയ ഫര്‍ണിച്ചറുകള്‍ വീടിന് പുറത്ത് വലിച്ചെറിയരുതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. സാധാരണ വേസ്റ്റുകള്‍ നിക്ഷേപിക്കുവാനുള്ള ഡെസ്റ്റ് ബിനുകളിലോ അവക്കു ചുറ്റുമോ പഴയ ഫര്‍ണിച്ചറുകള്‍ വലിച്ചെറിയുന്നത് കുറ്റകരമാണ് . വീടുകളില്‍ നിന്നും പഴയ ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്യാന്‍ കോള്‍ സെന്ററിന്റെ 184 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ഔന്‍ ആപ്പ് ഉപയോഗിക്കുകയോ വേണമെന്ന് മന്ത്രാലയം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
മന്ത്രാലയ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന സമയത്ത് ഒഴിവാക്കേണ്ട വസ്തുക്കള്‍ വീട്ടുകാര്‍ പുറത്തെത്തിക്കണമെന്നും ശുചീകരണ തൊഴിലാളികള്‍ വീടിനുള്ളില്‍ നിന്ന് സാധനങ്ങള്‍ നീക്കം ചെയ്യില്ലെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
മരങ്ങള്‍, വസ്ത്രങ്ങള്‍, മരം, വീട്ടുപകരണങ്ങള്‍, കാര്‍ഡ്‌ബോര്‍ഡ്, വീട്ടുപകരണങ്ങള്‍ മുതലായവ നീക്കം ചെയ്യുന്നതിനായി ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താം. എന്നാല്‍ ഒരു കുടുംബത്തിന് ഒരു വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം മാത്രമേ ഈ സേവനങ്ങള്‍ക്ക് അപേക്ഷിക്കാനാകൂ.
ഈ സേവനം സ്വദേശികളുടേയും വിദേശികളുടേയും വീടുകള്‍ക്ക് മാത്രമേ ലഭ്യമാകൂ. റെസിഡന്‍ഷ്യല്‍ അല്ലെങ്കില്‍ വാണിജ്യ സമുച്ചയങ്ങള്‍ക്കോ തൊഴിലാളി ക്യാമ്പുകള്‍ക്കോ ഇത് ബാധകമാവില്ല.
പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് 2017 ലെ പൊതു ശുചിത്വ നിയമ നമ്പര്‍ 18 ന്റെ ലംഘനമാണെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുനിസിപ്പല്‍ മന്ത്രാലയം ട്വിറ്റ് ചെയ്തു