ഖത്തര്‍ ഇന്‍കാസ് എറണാകുളം ജില്ലയുടെ പി ടി തോമസ് അനുശോചനയോഗം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി പി. ടി. തോമസ് അനുശോചന യോഗം സംഘടിപ്പിച്ചു.ന്യൂ സലത്തയിലെ മോഡേണ്‍ ആര്‍ട്‌സ് സെന്റര്‍ ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
കേരള രാഷ്ട്രീയത്തില്‍ എന്നും തന്റെ വ്യത്യസ്തമായ നിലപാടുകള്‍ കൊണ്ട് ജനമനസ്സുകളില്‍ ഇടം പിടിച്ച നേതാവായിരുന്നു അഡ്വ. പി. ടി തോമസ്സെന്ന് യോഗം അഭിപ്രായപ്പെട്ടു. തന്റെ വ്യക്തിലാഭത്തിന് വേണ്ടി തന്റെ നിലപാടുകളില്‍ അല്‍പമെങ്കിലും വെള്ളം ചേര്‍ത്തിരുന്നെങ്കില്‍ അദ്ദേഹത്തിന് പലതും നഷ്ടപ്പെടില്ലായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായിരുന്നു, അദ്ദേഹത്തിന് കേരള ജനത നല്കിയ വികാരഭരിതമായ യാത്രയയപ്പ് എന്നും യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ മാത്രമല്ല, കേരള പൊതു സമൂഹത്തിന്റെ കൂടി നഷ്ടമാണെന്ന് അനുശോചനയോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡണ്ട് വി.എസ്. അബ്ദുള്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.
കരുനാഗപ്പിള്ളി മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പറുമായിരുന്ന എം. അന്‍സാര്‍, ഒ. ഐ.സി സി – ഇന്‍കാസ് നേതാക്കളായ കെ.കെ ഉസ്മാന്‍, എ.പി. മണികണ്ഠന്‍, സുരേഷ് കരിയാട്, മുഹമ്മദ് ഷാനവാസ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗം കെ.വി. ബോബന്‍, ഐ.സി.സി. മാനേജിംഗ് കമ്മിറ്റി അംഗം അനീഷ് ജോര്‍ജ്ജ് മാത്യു, ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി ഐ.എം.എ. റഫീഖ്, കമാല്‍ കല്ലാത്തയില്‍, പ്രദീപ് പിള്ള, ജയപാല്‍ തിരുവനന്തപുരം, സി.എ.അബ്ദുള്‍ മജീദ്, ബി.എം. ഫാസില്‍, ജനിറ്റ് ജോബ്, സിദ്ധിഖ് മലപ്പുറം, വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
പി.ടി.തോമസ്സ് അവസാനം ആഗ്രഹിച്ചിരുന്നതുപോലെ പുഷ്പാര്‍ച്ചന ഒഴിവാക്കിക്കൊണ്ട്, മെഴുകുതിരി തെളിച്ചായിരുന്നു അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ചത്.
അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന ഗാനം പിന്നണി ഗായകന്‍ അജ്മല്‍ മുഹമ്മദ് ആലപിച്ചപ്പോള്‍, സ്ത്രീകളും കുട്ടികളുമടക്കം യോഗത്തില്‍ പങ്കെടുത്ത പലരും വിങ്ങലടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.
ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ പുന്നൂരാന്‍ സ്വാഗതവും ട്രഷറര്‍ ദിജേഷ് പി.ആര്‍ നന്ദിയും പറഞ്ഞു.