ആവണി വിജയകുമാര്‍ ദോഹ വിടാനൊരുങ്ങുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
സര്‍ഗാത്മകമായ ഇടപെടലുകളിലൂടെ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യം അടയാളപ്പെടുത്തിയ ആവണി വിജയകുമാര്‍ കാല്‍ നൂറ്റാണ്ട് നീണ്ട ഖത്തറിലെ ധന്യമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് ദോഹ വിടാനൊരുങ്ങുന്നു. അല്‍ ഗുറൈറി ആന്റ് പാര്‍ട്‌ണേര്‍സിന്റെ ഡിവിഷന്‍ മാനേജറായ അദ്ദേഹം ഖത്തര്‍ മലയാളികളുടെ മിക്ക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടാണ് പ്രവാസ ജീവിതം സവിശേഷമാക്കിയത്.
രണ്ട് പതിറ്റാണ്ടോളംം നീണ്ട ബഹറൈന്‍ ജീവിതത്തിന് ശേഷമാണ് 1996 ല്‍ ആവണി ഖത്തറിലെത്തിയത്. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ സാംസ്‌കാരിക ഭൂമികയില്‍ സ്വന്തമായൊരിടം കണ്ടെത്താന്‍ ആവണിക്ക് പ്രയാസമുണ്ടായില്ല.
കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍, മാധ്യമം ക്ലബ്ബ്, ഫ്രണ്ട്സ് കള്‍ചറല്‍ സെന്റര്‍ , പ്രവാസി ദോഹ എന്നിവയൊക്കെ ആവണിയുടെ സാംസ്‌കാരിക ഇടപെടലുകളുടെ ഭാഗമായിരുന്നു. നിരുപാധികമായ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് എന്നും പ്രാമുഖ്യം നല്‍കുന്ന ആവണിയുടെ ഏറ്റവും വലിയ സമ്പത്തും ഈ സൗഹൃദം തന്നെയാകും.
ഭാസ്‌കര പിള്ളയുടേയും പൊന്നമ്മയുടേയും മകനായി കുട്ടനാട് തകഴിക്കടുത്ത് കേളമംഗലത്തെ ഒരു ജന്മി കുടുംബത്തിലായിരുന്നു വിജയകുമാറിന്റെ ജനനം. എഞ്ചിനീയറിംഗ് ഡിപ്‌ളോമ നേടി എല്‍ എന്‍. ടി യില്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഒറീസയില്‍ റൂര്‍ക്കലക്കടുത്ത് ക്ാന്‍സ് ബഹാറിലായിരുന്നു ജോലി. നിരന്തരമായ കൃഷ് നാശം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കുടുംബത്തെ കരകേറ്റാനാണ് 1977 ല്‍ ആവണി ബഹറൈനിലേക്ക് വിമാനം കയറിയത്. രണ്ട് പതിറ്റാണ്ടോളം അല്‍ മീര്‍ ഗ്രൂപ്പില്‍ സൈറ്റ് എഞ്ചിനീയര്‍, ടെക്‌നിക്കല്‍ മാനേജര്‍ എന്നീ തസ്തികളില്‍ ജോലി ചെയ്തു. എന്നാല്‍ 1990 കളില്‍ ബഹറൈനിലുണ്ടായ ചില സാമൂഹ്യ സാഹചര്യങ്ങള്‍ കാരണം ജോലി ഉപേക്ഷിച്ച് 1996 ഏപ്രിലില്‍ നാട്ടിലേക്ക് പോയി.
വിജയകുമാറിന്റെ തട്ടകം ഗള്‍ഫാണെന്നായിരുന്നു ദൈവ നിശ്ചയം. നാട്ടിലെത്തി അധികം താമസിയാതെ അദ്ദേഹത്തെ തേടി ഖത്തറില്‍ നിന്നും ഓഫറെത്തി. 1996 ല്‍ തന്നെ ദോഹയിലെത്തിയ അദ്ദേഹം ഇപ്പോഴും അല്‍ ഗുറൈറി ആന്റ് പാര്‍ട്‌ണേര്‍സിന്റെ ഏറ്റവും പ്രിയപ്പെട്ട ജീവനക്കാരനാണ് . ടെക്‌നിക്കല്‍ സെയില്‍സ് മാനേജറായി ജോലി തുടങ്ങിയ അദ്ദേഹം ഇപ്പോള്‍ കമ്പനിയുടെ ഡിവിഷന്‍ മാനേജറാണ്.
ഈ കാലയളവില്‍ ഔദിയോഗികമായും അല്ലാതെയും യൂറോപ്പ്, അമേരിക്ക, ചൈന,മലേഷ്യ,തുര്‍ക്കി,ഗള്‍ഫ് രാജ്യങ്ങള്‍, ലെബനന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചതും ഒരു മഹാഭാഗ്യമായാണ് അദ്ദേഹം കരുതുന്നത്.
പരന്ന വായനയുളള സഹൃദയനായ വിജയകുമാര്‍ വിരളമായേ എഴുതാറുളളൂ. അദ്ദേഹത്തിന്റെ പല കഥകളും കവിതകളും ലേഖനങ്ങളും പ്രമുഖ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ചെറുകഥാ സമാഹാരം ആവണിക്കതിരുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശിഷ്ടകാലം ജനിച്ച നാടിന്റെ പ്രകൃതിരമണീയതയില്‍ വെയിലും കാറ്റും മഴയും ആസ്വദിച്ചു സാഹചര്യത്തിനനുസരിച്ചു ജീവിക്കാം എന്ന പ്രത്യാശയാണ്. തൃപ്പൂണിത്തുറയിലെ വസതിയില്‍ (ആവണി) വിശ്രമ ജീവിതത്തോടപ്പം കഥ, കവിത രചനയെ ഒന്ന് പുനര്‍ജീവിപ്പിക്കാനും കഴിയും വിധം സാമൂഹിക പ്രവര്‍ത്തനത്തിലും മുഴുകാനുമാണ് മോഹമെന്ന് ആവണി പറഞ്ഞു.
കൂടാതെ ഭാര്യാസമേതം കേരളവും ഭാരതവും വിശദമായി കാണാനുമാഗ്രഹമുണ്ട്.
ഒത്തിരി സന്തോഷത്തോടെയാണ് ഈ പുണ്യ ഭൂമിയോടു വിട പറയുന്നതെങ്കിലും മനസ്സിന്റെ ഉള്‍ത്തടങ്ങളില്‍ എവിടെയോ നുറുങ്ങു വേദനകള്‍ തളം കെട്ടി നില്‍ക്കുന്നു, കാലം എല്ലാം മാറ്റിത്തരുമെന്ന വിശ്വത്തോടെ എല്ലാ സുഹൃത്തുക്കളുമായും സാമൂഹ്യ മാധ്യമങ്ങളിലൂടേയും സാങ്കേതിക സംവിധാനങ്ങളിലൂടെയുമെല്ലാം ബന്ധം തുടരാനാകുമെന്നാണ് കരുതുന്നത്.
സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ വിജയകുമാറിന്റെ ശക്തമായ പിന്തുണയുമായി സഹ ധര്‍മിണി അജിത എന്നും കൂടെയുണ്ടായിരുന്നു. അനിത, വിനീത് എന്നിവര്‍ മക്കളും ആദിത്യ, അദിതി എന്നിവര്‍ ചെറുമക്കളുമാണ് . ബിജിത്, സംഗീത എന്നിവരാണ് മരുമക്കള്‍