3 ലെയറുകള്‍ അടങ്ങിയ മെഡിക്കല്‍ മാസ്‌കാണ് കൂടുതല്‍ ഫലപ്രദം
അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് വ്യാപനം തടയുന്നതില്‍ ഫേസ് മാസ്‌കുകള്‍ വളരെ പ്രധാനമാണെന്നും 3 ലെയറുകള്‍ അടങ്ങിയ മെഡിക്കല്‍ മാസ്‌കാണ് കൂടുതല്‍ ഫലപ്രദമെന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സാംക്രമിക രോഗങ്ങളുടെ തലവനുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
മാസ്‌ക് വായ മാത്രമല്ല, മൂക്കും വായയും മറയ്ക്കണം, വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താന്‍ ഇത് ഫലപ്രദമാണ്, ഡോ അല്‍ ഖാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രായമായവരോ വിട്ടുമാറാത്ത രോഗങ്ങളുള്ളവരോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരോ പോലുള്ള വൈറസ് അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള ആളുകള്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോണ്‍ വേരിയന്റ് വളരെ വേഗം പകരുന്നതാണ് . എന്നാല്‍ അതിന്റെ ലക്ഷണങ്ങള്‍ സൗമ്യവും മിതമായതുമാണ്. മിക്ക കേസുകളിലും കാര്യമായ ചികില്‍സയൊന്നും വേണ്ടി വരില്ലെങ്കിലും പനി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കാനും ധാരാളം ദ്രാവകങ്ങള്‍ കുടിക്കാനും നല്ല പോഷകാഹാരം നിലനിര്‍ത്താനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.