പുതിയ ക്വാറന്റയിന്‍ നിര്‍ദ്ദേശങ്ങള്‍ പുന:പരിശോധിക്കണം. കെ.എം.സി.സി
അമാനുല്ല വടക്കാങ്ങര
ദോഹ. കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ ട്രാവല്‍ അഡൈ്വസറി പ്രകാരം എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഏഴുദിവസത്തെ ക്വാറന്റയിന്‍ നിര്‍ബന്ധമാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ഖത്തര്‍ കെ.എം.സി.സി ആവശ്യപ്പെട്ടു.
രണ്ട് ഡോസ് വാക്സിനു പുറമെ, ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വരുമ്പോള്‍ അവരുടെ ക്വാറന്റയില്‍ വ്യവസ്ഥകളില്‍ ഇളവനുവദിക്കണം.
കോവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ ക്വാറന്റയിന്‍ മൂലം സമൂഹ ഭൃഷ്ട് വരെയുണ്ടായ സംഭവങ്ങള്‍ ആരും മറന്നിട്ടില്ല. ഇപ്പോഴത്തെ നിബന്ധനകള്‍ കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി എന്നാണ് ആരോഗ്യ മന്ത്രി തന്നെ പറഞ്ഞത്. ഇത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്, കെ. എം. സി.സി. പ്രസ്താവന പറഞ്ഞു.
ഡെല്‍റ്റ വേരിയന്റ് അതിപ്രസരം ഉണ്ടായ സമയത്തും കുടുംബാംഗങ്ങള്‍ മരണപ്പെട്ടാല്‍ പി.സി. ആര്‍ ടെസ്റ്റ് നടത്താതെ നാടണയാനുള്ള അവസരമുണ്ടായിരുന്നു.പിന്നീട് ഒരു കാര്യവുമില്ലാതെ നിര്‍ത്തലാക്കിയ ഈ സംവിധാനം പുന സ്ഥാപിക്കണമെന്ന് പ്രവാസികള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് പുതിയ ക്വാറന്റയിന്‍ നിബന്ധനകള്‍ വന്നത്.
മൂന്നു വാക്സിനും സ്വീകരിച്ച ശേഷം നാട്ടിലെത്തി നടത്തുന്ന പരിശോധനയില്‍ നെഗറ്റിവ് റിസള്‍ട്ടുള്ളവരെ ഈ ക്വാറന്റയില്‍ വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.
നാട്ടിലുള്ളവരുടെ ആശങ്കകള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു.വ്യാപനം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകളെയും നിയമങ്ങളെയും മാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നു.
പക്ഷെ അതിന്റെ പേരില്‍ വിവേചനപരമായി പ്രവാസികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നിലപാട് ഉപേക്ഷിച്ച് കോവിഡിനെ ഫലപദമായി നേരിടാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും കെ എം സി സി ബന്ധപ്പെട്ടവരോടഭ്യര്‍ത്ഥിച്ചു.
ഇതു സംബന്ധമായി കേരള മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്തയച്ചു.