
ഖത്തറില്‍ കൊവിഡ് രോഗികളുടെ ക്വാറന്റൈന്‍ 10 ദിവസം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കൊവിഡ് രോഗികളുടെ ക്വാറന്റൈന്‍ 10 ദിവസമാണെന്നും പരിശോധനക്കായി സ്രവമെടുത്തതുമുതലാണ് പത്ത് ദിവസം കണക്കാക്കുകയെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ മുന അല്‍ മസ്ലമാനി അഭിപ്രായപ്പെട്ടു .റിസല്‍ട്ട് വന്നത് മുതലല്ല ദിവസം കണക്കാക്കുന്നതെന്ന അവര്‍ വ്യക്തമാക്കി.
ലക്ഷണങ്ങളില്ലാത്തതോ മിതമായ ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആയ കേസുകളില്‍ വൈദ്യ സഹായമില്ലാതെ 10 ദിവസം വീട്ടില്‍ ഐസോലേഷനില്‍ കഴിഞ്ഞാല്‍ മതി. ഇത്തരക്കാര്‍ ക്വാറന്റൈനില്‍ ആദ്യ അഞ്ച് ദിവസം വീട്ടില്‍ സ്വന്തം മുറിയില്‍ ചെലവഴിക്കണമെന്നും കുടുംബാംഗങ്ങളുമായും മറ്റ് ആളുകളുമായും സമ്പര്‍ക്കം ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.
അടുത്ത അഞ്ച് ദിവസം അവര്‍ക്ക് അവരുടെ മുറിയില്‍ നിന്ന് പുറത്തുപോകാം, എന്നാല്‍ അവര്‍ മറ്റ് ആളുകളുടെ അടുത്തായിരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കണം.
സഹായം ആവശ്യമുള്ള ഹോം ഐസൊലേഷന്‍ രോഗികള്‍ക്ക് 16000 എന്ന നമ്പറില്‍ വിളിച്ച് 24 മണിക്കൂറും കേന്ദ്രീകൃത ഹോം ഐസൊലേഷന്‍ സേവനവുമായി ബന്ധപ്പെടാം.
എന്നാല്‍ കോവിഡ്-19 പോസിറ്റീവ് ആയ ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍, ക്വാറന്റൈന്‍ കാലാവധി ഏഴ് ദിവസമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു