ഒമിക്രോണ്‍ ബാധിച്ച ഒരാളില്‍ നിന്നും 40 പേര്‍ക്ക് വരെ രോഗം പടരാം
അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വളരെ വേഗം വ്യാപിക്കുന്നതാണെന്നും ഒമിക്രോണ്‍ ബാധിച്ച ഒരാളില്‍ നിന്നും 40 പേര്‍ക്ക് വരെ രോഗം പടരാമെന്നും ഖത്തറിലെ സിദ്ര മെഡിസിനിലെ ഇമ്മ്യൂണോളജി വിഭാഗം മേധാവി ഡോ.മഹ്ദി അല്‍ അദ്‌ലി അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ കോവിഡ് ബാധിച്ച ഒരാളില്‍ നിന്നും മൂന്ന് പേര്‍ക്കാണ് അണുബാധ പകര്‍ന്നിരുന്നത്.് ഡെല്‍റ്റ വകഭേദം വന്നപ്പോള്‍, ഒരാളില്‍ നിന്നും ഒമ്പത് ആളുകളിലേക്ക് വരെ പകരാമെന്നായി . എന്നാല്‍ ഒമിക്രോണ്‍ ബാധിച്ച ഒരാളില്‍ നിന്നും 40 പേര്‍ക്ക് വരെ രോഗം പടരാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് . പുതിയ വകഭേദങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും പ്രതിരോധശേഷി നല്‍കുന്നതിനും മൂന്നാം ഡോസിന്റെ പ്രാധാന്യത്തെക്കുറിച്ച് അല്‍ അദ്ലി ഊന്നിപ്പറഞ്ഞു.
വൈറസിന്റെ ഇന്‍കുബേഷന്‍ പിരീഡ് തുടക്കത്തില്‍ ആറ് ദിവസമായിരുന്നെങ്കിലും ഒമിക്രോണിന് ഇത് രണ്ട് ദിവസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച വാക്സിനുകളില്‍ ചിലതാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം തിരഞ്ഞെടുത്തതെന്നും ആദ്യം സ്വീകരിച്ച വാക്സിന്റെ തന്നെ ബൂസ്റ്റര്‍ ഡോസെടുക്കുന്നതാണ് കൂടുതല്‍ ഫല പ്രദമെന്നും അദ്ദേഹം പറഞ്ഞു.