IM Special

സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മഹിത മാതൃകയായി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍

അമാനുല്ല വടക്കാങ്ങര

സമൂഹത്തിലെ എല്ലാ വിഭാഗമാളുകളേയും ഉള്‍കൊള്ളുന്ന മികച്ച സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മഹിത മാതൃകയുമായാണ് ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുന്നോട്ടുപോകുന്നത്. ജനസേവനം മുഖമുദ്രയാക്കിയ പൊതുപ്രവര്‍ത്തനായ പി. എന്‍. ബാബുരാജന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മാനേജ്മെന്റ് ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സമൂഹത്തിന് പ്രതീക്ഷ ഏറെയാണ് . കോവിഡ് മഹമാരിയില്‍ വിറങ്ങലിച്ചു നിന്ന സമയത്തും ആശ്വാസത്തിന്റേയും പ്രതീക്ഷയുടേയും വികാരങ്ങളുണര്‍ത്തുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങളും സുരക്ഷ മുന്‍കരുതലുകളും പാലിച്ചുകൊണണ്ട് തന്നെ നിരവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനായി എന്നത് പ്രസിഡണ്ട് ബാബുരാജനും മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് .


ഖത്തറില്‍ സംസ്‌കൃതിയുടെ രൂപീകരണം മുതല്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ച ബാബുരാജന്‍ പാരമ്പര്യമുള്ള പൊതുപ്രവര്‍ത്തകനാണ്. കോവിഡിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തിലടക്കം രണ്ട് വര്‍ഷം ഇന്ത്യന്‍ എംമ്പസ്സിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ അധ്യക്ഷ സ്ഥാനമലങ്കരിച്ച് പൊതുരംഗത്തെ തന്റെ പ്രവര്‍ത്തന പരിചയത്തിന്റെ പൂര്‍ണമായ ഗുണം സമൂഹത്തിന് ലഭ്യമാക്കിയ ബാബുരാജന്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നപ്പോള്‍ തന്നെ സമൂഹത്തിന്റെ പ്രതീക്ഷളേറെയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം സമൂഹത്തിന്റെ പ്രതീക്ഷകളൊന്നും അസ്ഥാനത്തായിരുന്നില്ലെന്നു തെളിയിച്ചാണ് ്‌ദ്ദേഹം സേവനത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്.

2004 മുതല്‍ 2008 വരെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ മാനേജ്‌മെന്റ് കമ്മറ്റിയില്‍ അന്തരിച്ച കെ സി വര്‍ഗ്ഗീസിന്റേയും ഹസ്സന്‍ ചൗഗ്ലേയുടേയും ടീമില്‍ ബാബുരാജനും അംഗമായിരുന്നു. 2008 മുതല്‍ 2010 വരെ ഡോക്ടര്‍ മോഹന്‍ തോമസിന്റെ കൂടെ ഐ സി ബി എഫി ലും പ്രവര്‍ത്തിച്ച ശേഷമാണ് ഇന്ത്യന്‍ എംബസിയുടെ രണ്ട് അപെക്സ് ബോഡികളുടേയും നേതൃത്വത്തിലെത്തിയതെന്നതിനാല്‍ പുതിയ ടീമുമായി മുന്നോട്ടുപോകുവാന്‍ ബാബുരാജന് എളുപ്പമായിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ അര്‍പ്പണബോധത്തോടെ പൂര്‍ത്തിയാക്കുന്ന ബാബുരാജന്‍ പൊതു രംഗത്ത് തൊട്ടതൊക്കെ പൊന്നായി മാറുകയായിരുന്നു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ഒരു വര്‍ഷം പിന്നിടുമ്പോള്‍ അഭിമാനമാണ് തോന്നുന്നതെന്ന് ബാബുരാജന്‍ പറഞ്ഞു. കോവിഡിന്റെ നിയന്ത്രണങ്ങളിലാണെങ്കിലും കുറെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് വിലയിരുത്തുന്നത്. അശോകഹാളിന്റെ പുനക്രമീകരണം, ഐ സി സി സ്റ്റുഡന്റ് ഫോറം, ഐ സി സി യൂത്ത് വിംഗ്, ഐ സി സി വുമന്‍സ് ഫോറം തുടങ്ങിയ സബ് കമ്മറ്റികളുടെ രൂപീകരണം, എല്ലാ വിഭാഗം ആളൂകളുടേയും ഐ സി സി യിലേക്കുള്ള വരവ്, ഐ സി സി കോമ്പൗണ്ടില്‍ ഗാര്‍ഡന്‍ അങ്ങിനെ പലതും പുതുതായി ചെയ്യാന്‍ കഴിഞ്ഞു. ഇനിയും പലതും ചെയ്യാനുണ്ട്. ഐ സി സി യിലെത്തുന്ന ഓരോ ഇന്ത്യക്കാരനും ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ശരിയായ കേന്ദ്രമായി ഉയരാനുമാണ് ഐ.സി.സി. ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സഹായത്തോടൈ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാകുമെന്നാണ് പ്രതീക്ഷ, അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന വിധത്തില്‍ ഒരു ഡവലപ്മെന്റ് ഓഫീസ്സര്‍ സ്ഥിരമായി ഐ സി സി യില്‍ വേണമെന്നാണ് ബാബുരാജന്‍ കരുതുന്നത്. കോണ്‍സുലാര്‍ സര്‍വ്വീസ്, ലൈബ്രറി, കലാ സാംസ്‌കാരിക പരിപാടികള്‍, സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധമായ വിഷയങ്ങള്‍, കോര്‍പ്പറേറ്റ് കമ്പനികളു മായുള്ള ബന്ധങ്ങള്‍, എമ്പസ്സിയുമായുള്ള കോര്‍ഡിനേഷന്‍ ഇതൊക്കെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ ഇത്തരമൊരു സംവിധാനം അത്യാവശ്യമാണ് .

മൂന്നു പതിറ്റാണ്ട് മുന്‍പ് ഐ സി സി യുടെ രൂപീകരണസമയത്ത് ഏറെകുറെ രണ്ടു ലക്ഷത്തില്‍ താഴെ ഇന്ത്യക്കാരാണു ഖത്തറില്‍ ഉണ്ടായിരുന്നത്. അതില്‍ ഭൂരിപക്ഷവും മലയാളികളായിരുന്നു താനും. എന്നാല്‍ ഇന്ന് ആ സ്ഥിതിയില്‍ വലിയമാറ്റങ്ങള്‍ ഉണ്ടായി. ഏഴ് ലക്ഷത്തില്‍ പരം ഇന്ത്യക്കാര്‍ വിവിധ മേഖലകളില്‍ ഖത്തറിലുണ്ട്. ബിസിനസ്സ് കാരും പ്രൊഫഷണലുകളുമടക്കം ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്നവര്‍ ഇന്ന് ഖത്തറില്‍ ഉണ്ട്. അല്‍ഖോര്‍ മുതല്‍ മിസഈദ്, ദുഖാന്‍, ഷമാല്‍ തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യക്കാര്‍ വ്യാപിച്ചിരിക്കുന്നു. ഈ വളര്‍ച്ച കണ്ടുകൊണ്ടുള്ള ഒരു പ്രവര്‍ത്തനം എംബസ്സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിനും ഉണ്ടായേ പറ്റൂ. ഒരു സാംസ്‌കാരിക കേന്ദ്രം എന്ന നിലയില്‍ ഇത്രയും വ്യാപ്തിയില്‍ ഐ സി സി യുടെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു വികസനമാണ് ഉണ്ടാവേണ്ടത്. അതിനു ഉതകുന്ന വിധത്തില്‍ ഐ സി സി യുടെ അഡ്മിനിസ്റ്രേറ്റീവ് പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കണം. അതിനുള്ള പരിശ്രമങ്ങളാണ് ഐ.സി..സി. മാനേജ്മെന്റ് നടത്തിവരുന്നത്.

ഇന്ത്യ സ്വാതന്ത്ര്യമായതിന്റെ 75 ആം വാര്‍ഷീകം ആഘോഷിക്കുകയാണ്. ഇന്‍ഡ്യ അറ്റ് 75 – ആസാദീകാ അമൃത് മഹോത്സവ് എന്ന് നാമകരണം ചെയ്ത് ഇന്ത്യ ഗവണ്മേണ്ട് പ്രഖ്യാപിച്ച ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് ഖത്തറില്‍ നേത്യത്വം നല്‍കുന്നത് ഐ സി സി യാണ് . വ്യത്യസ്ത സ്വഭാവത്തിലുള്ള നാല്‍പതോളം പരിപാടികള്‍ ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു.

ഒക്ടോബര്‍ ഒന്ന് മുതല്‍ പതിനൊന്ന് വരെ സംഘടിപ്പിച്ച വന്ദേ ഭാരത് പരിപാടി എടുത്തു പറയേണ്ടതാണ്. എല്ലാ ദിവസവും ഐ സി സി അശോക ഹാളില്‍ പരിപാടികള്‍ നടന്നു. നിറഞ്ഞ സദസ്സില്‍ അതിഥികള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ഒരു വിധം എല്ലാ ദിവസവും ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ദീപക് മിത്തലും അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടര്‍ അല്പനാ മിത്തലും സന്നിഹിതരായിരുന്നു. കൂടാതെ ഐ സി സി കോര്‍ഡിനേറ്റിങ്ങ് ഓഫീസര്‍ സേവ്യര്‍ ധനരാജ്, ഫസ്റ്റ് സെക്രട്ടറി ഇന്ത്യന്‍ എമ്പസ്സി യും മറ്റു ഓഫീസര്‍മാരും സന്നിഹിതരായിരുന്നു. ഇതിനോടൊപ്പം ഗാന്ധി ജയന്തിയുടെ ഭാഗമായി ബ്ലഡ് ഡൊനേഷന്‍, ബീച്ച് ക്ളീനിംഗ്, ലേബര്‍ കേമ്പില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ്, മരം നടല്‍, ഖത്തറിലെ വിവിധ പാര്‍ക്കുകളില്‍ മരം നടല്‍ തുടങ്ങിയവ സംഘടിപ്പിച്ചു. 75 പരിപാടികള്‍ 2022 ആഗസ്റ്റ് 15 നു മുന്‍പ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണു ഒമിക്രോണും കൊവിഡ് വ്യാപനവും വര്‍ദ്ധിച്ചത്. താല്‍ക്കാലികമായ തടസ്സങ്ങള്‍ നീങ്ങിയാല്‍ ആഘോഷങ്ങള്‍ പുനരാരംഭിക്കും.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ വിശാലമായ മേഖലകളില്‍ പുതിയ പൊന്‍തൂവലുകള്‍ തുന്നിചേര്‍ക്കാനാണ് പി.എന്‍. ബാബുരാജന്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ശ്രമിക്കുന്നത്. മൂവായിരത്തിലധികം അംഗങ്ങളുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ കഴിഞ്ഞ വര്‍ഷം മാത്രം എഴുനൂറോളം പേരാണ് പുതിയ അംഗങ്ങളായത്.

Related Articles

Back to top button
error: Content is protected !!