പ്രവാസത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട് ബേക്കല്‍ മുഹമ്മദ് സാലി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വവുമായ ബേക്കല്‍ മുഹമ്മദ് സാലി പ്രവാസത്തിന്റെ അര നൂറ്റാണ്ട് പിന്നിടുന്നു. 1971 ല്‍ ദോഹയിലെത്തിയ അദ്ദേഹം നിരന്തരമായ പരിശ്രമത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയുമാണ് സ്വന്തമായൊരു വ്യാപാരസമുച്ഛയം പടുത്തുയര്‍ത്തിയത്. ഇന്ന് ഖത്തറിലെ ബോംബെ സില്‍ക് സെന്ററടക്കം ഗള്‍ഫിലും ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി പരന്നു കിടക്കുന്ന അനേകം ബിസിനസ് സ്ഥാപനങ്ങളുടെ അധിപനും പങ്കാളിയുമാണ് അദ്ദേഹം.
എല്ലാ പ്രതിസന്ധികളേയും സധൈര്യം അതീജീവിച്ച് മുന്നേറുന്ന അദ്ദേഹത്തിന്റെ പ്രവാസ ജീവിതം വിസ്മയകരവും പ്രചോദനാത്മകവുമാണ്. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും വിശ്വസ്തയാണ് ഏറ്റവും വലിയ വിജയമന്ത്രമെന്നാണ് അദ്ദേഹം കരുതുന്നത്. ഉപഭോക്താക്കളോടും ബിസിനസ് പങ്കാളികളോടും സമൂഹത്തോടും വിശ്വസ്തമായി ഇടപെടുകയും ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്താല്‍ വിജയിക്കാനാകുമെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.
പലപ്പോഴും പൊതു ജീവിതത്തിന്റെ പളപ്പുകളില്‍ നിന്നും മാറി നില്‍ക്കാനിഷ്ടപ്പെടുന്ന അദ്ദേഹം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സ്വന്തമായ ഇടം കണ്ടെത്താറുണ്ട്. ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റായിരുന്ന അദ്ദേഹം കെഎംസിസി യുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃ പരമായ പങ്ക് വഹിച്ചാണ് മുന്നോട്ടുപോകുന്നത്.