ദോഹയിലേക്കുള്ള യാത്രക്കാരന്റെ യാത്ര തടഞ്ഞ് നോ ഷോ റിപ്പോര്‍ട്ട് ചെയ്തതായി പരാതി
അമാനുല്ല വടക്കാങ്ങര
ദോഹ. കൊച്ചി നിന്നും ദോഹയിലേക്കുള്ള യാത്രക്കാരന്റെ യാത്ര തടഞ്ഞ് നോ ഷോ റിപ്പോര്‍ട്ട് ചെയ്തതായി പരാതി. ഖത്തറിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ തൃത്താല സ്വദേശിയായ പി.ടി. മൊയ്തീന്‍ കുട്ടിയാണ് ഇന്‍ഡിഗോ വിമാനത്തിനെതിരെ പരാതി ഉന്നയിച്ചത് .
ജനുവരി 13 ന് കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് വരാനായി ടിക്കറ്റെടുത്തപ്പോള്‍ മൊയ്തീന്‍ കുട്ടിക്ക് ഒരബദ്ധം പറ്റിയിരുന്നു. ജനുവരി 13 ന് പകരം ഏപ്രില്‍ 13 നുള്ള ടിക്കറ്റാണ് ബുക്ക് ചെയ്തത്. എന്നാല്‍ എയര്‍പോര്‍ട്ടിലെത്തി അബദ്ധം മനസ്സിലായ ഉടനെ ടിക്കറ്റ് ഡല്‍ഹി വഴിയാക്കി മാറ്റിയെടുത്തു. എന്നാല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തതിലെ സാങ്കേതികത്വം പറഞ്ഞ് യാത്ര മുടക്കുകയായിരുന്നുവെന്ന് മൊയ്തീന്‍ കുട്ടി കുറ്റപ്പെടുത്തി .
യാത്ര അത്യാവശ്യമായതുകൊണ്ടു അതേ ദിവസം അതേ സമയം തന്നെ പുതിയ ടിക്കറ്റില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തു ദോഹയിലെത്തി. ഇത് മൂലം തനിക്കു ഭീമമായ ഒരു സംഖ്യ നഷ്ടമായതായി കുട്ടി പറഞ്ഞു.
നേരത്തെ ബുക്ക് ചെയ്ത അതേ ഹോട്ടല്‍ ബുക്കിംഗ് ആണ് ഇതിനു പരിഗണിച്ചത് . ഇതിനെ കുറിച്ച് ദോഹയിലെ ഇന്‍ഡിഗോ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ ഹോട്ടല്‍ ബുക്കിംഗില്‍ ഇന്‍ഡിഗോയില്‍ യാത്ര ചെയ്യുന്നതിന് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല എന്നാണ് അവര്‍ അറിയിച്ചത് . പ്രസ്തുത പരാതി ഇന്‍ഡിഗോ കസ്റ്റമര്‍ കെയറിലേക്കു അയക്കാന്‍ നിദ്ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡിഗോ വിമാനത്തിലെ സ്ഥിരം യാത്രക്കാരനായ തനിക്ക് റീ ഫണ്ട് നല്‍കുകയോ മറ്റൊരിക്കല്‍ യാത്ര ചെയ്യാവുന്ന രീതിയില്‍ ടിക്കറ്റ് ഓപണാക്കിയിടുകയോ വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഇന്‍ഡിഗോ മാനേജ്‌മെന്റിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
അനുകൂലമായ നടപടിയുണ്ടാകുന്നില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാനാണ് ആലോചിക്കുന്നതെന്ന് മൊയ്തീന്‍ കുട്ടി ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.