Breaking News

ഖത്തറില്‍ കോവിഡ് ബാധിച്ചവര്‍ക്കുള്ള നിര്‍ബന്ധിത ഐസൊലേഷനും സിക്ക് ലീവും 7 ദിവസമായി കുറച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ചവര്‍ക്കുള്ള നിര്‍ബന്ധിത ഐസൊലേഷനും സിക്ക് ലീവും 7 ദിവസമായി കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഗവണ്‍മെന്റ് അംഗീകൃത സെന്ററുകളില്‍ നിന്നും കോവിഡ് പരിശോധന നടത്തി പോസിറ്റീവാകുന്നതോടെ ഇഹ് തിറാസ് ചുവപ്പാകും. ഇവര്‍ക്ക് 7 ദിവസത്തെ സിക്ക് ലീവിന് അര്‍ഹതയുണ്ടാകും.

7 ദിവസം നിര്‍ബന്ധിത ഐസൊലേഷനില്‍ കഴിഞ്ഞ ശേഷം ആന്റിജന്‍ ടെസ്റ്റ് നടത്തണം. ഫലം നെഗറ്റീവാണെങ്കില്‍ അവരുടെ ഇഹ്തിറാസ് പച്ചയാവുകയും അടുത്ത ദിവസം മുതല്‍ ജോലിക്ക് പോവുകയും ചെയ്യാം.

ഏഴാം ദിവസം ടെസ്റ്റില്‍ വീണ്ടും പോസറ്റീവ് ആയാല്‍ മൂന്ന് ദിവസം കൂടി ഐസോലേഷനില്‍ കഴിയണം. ഇവര്‍ക്ക് മൂന്ന് ദിവസം കൂടി സിക്ക് ലീവ് അനുവദിക്കും. പതിനൊന്നാം ദിവസം ടെസ്റ്റ് നടത്താതെ ജോലിയില്‍ പ്രവേശിക്കാം.

കോവിഡ് ബാധിച്ച് 7 ദിവസം കഴിയുന്നതോടെ മിക്ക ആളുകളും നെഗറ്റീവ് ആകുമെന്നും വൈറസ് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറയുമെന്നുമുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ ക്ലിനിക്കല്‍ തെളിവുകളുടെ അവലോകനത്തെ തുടര്‍ന്നാണ് ഐസൊലേഷന്‍ കാലയളവ് കുറയ്ക്കാനുള്ള തീരുമാനമെടുത്തതെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!