ഖത്തറിലെ സ്‌ക്കൂളുകളില്‍ ജനുവരി 30 മുതല്‍ നേരിട്ടുള്ള ക്‌ളാസുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തറിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ജനുവരി 30 മുതല്‍ നേരിട്ടുള്ള ക്‌ളാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെയും അവരുടെ അക്കാദമിക് ഭാവിയുടെയും താല്‍പ്പര്യം കണക്കിലെടുത്ത് , കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും കണിശമായ കോവിഡ് പ്രോട്ടോകോളും പ്രതിരോധ നടപടികളും സ്വീകരിച്ച് സ്‌ക്കൂളുകള്‍ 100% ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പബ്ലിക്, പ്രൈവറ്റ് സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും എല്ലാ വിദ്യാര്‍ത്ഥികളും ആഴ്ചതോറും വീട്ടില്‍ വെച്ച് റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം . സ്‌ക്കൂളില്‍ വരുന്നതിന്റെ പരമാവധി 48 മണിക്കൂര്‍ മുമ്പാണ് പരിശോധന നടത്തേണ്ടത്. വെള്ളി , ശനി ദിവസങ്ങളില്‍ പരിശോധന നടത്തുന്നതാകും കൂടുതല്‍ സൗകര്യം. പരിശോധന ഫലം രക്ഷിതാവ് സാക്ഷ്യപ്പെടുത്തി സ്‌ക്കൂളില്‍ സമര്‍പ്പിക്കണം.
റാപിഡ് ആന്റിജന്‍ ടെസ്റ്റിനുള്ള സംവിധാനം നാളെ മുതല്‍ സ്‌ക്കൂളുകളില്‍ നിന്നും ലഭിക്കും.
വീട്ടില്‍ നടത്തുന്ന റാപിഡ് ആന്റിജന്‍ ടെസ്റ്റ് ഫലം പോസിറ്റീവ് ആയാല്‍ ഫലം സ്ഥിരീകരിക്കുന്നതിന് വിദ്യാര്‍ത്ഥിയും സാമ്പിളും സഹിതം അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കണമെന്നും മന്ത്രാലയം നിര്‍ദേശത്തില്‍ പറയുന്നു.
സ്‌ക്കൂള്‍ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളുമൊക്കെ കൃത്യമായ കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.