
ഖത്തറില്‍ ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ക്ക് പ്രിയമേറുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ക്ക് പ്രിയമേറുന്നു. ജനങ്ങള്‍ കൂടുതല്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ഓര്‍ഗാനിക് ഉല്‍പന്നങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതെന്നാണ് വിലിരുത്തപ്പെടുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ഥിരമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ഖത്തറിലെ ജൈവ ഭക്ഷ്യവിപണി കോവിഡിനെ തുടര്‍ന്ന് കൂടുതല്‍ സജീവമാകുന്നതായാണ് റിപ്പോര്‍ട്ട്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനുള്ള ദൃഢനിശ്ചയവുമായാണ് അധികമാളുകളും മഹാമാരിയില്‍ നിന്നും പുറത്തുവരുന്നത്. ചില രോഗങ്ങള്‍ തടയുന്നതിന് ആരോഗ്യകരമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാന്‍ തുടങ്ങിയതും ഈ രംഗത്ത് വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്.
സ്വദേശികളും വിദേശികളും ഗാര്‍ഹിക തോട്ടങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ജൈവ ഉല്‍പന്നങ്ങളെ കൂടുതല്‍ ജനകീയമാക്കുവാന്‍ സഹായിച്ചിട്ടുണ്ട്.
ഖത്തറിലുടനീളം ഓര്‍ഗാനിക് ഉല്‍പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് വിപണിയില്‍ പ്രവേശിക്കാനുള്ള മികച്ച അവസരമാണ് നല്‍കുന്നത്.
ഗ്ലോബല്‍ ഓര്‍ഗാനിക് ട്രേഡ് ഗൈഡ് അനുസരിച്ച്, ഖത്തറിലെ ആരോഗ്യ, വെല്‍നസ് ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം 2021-ല്‍ 728.4 മില്യണ്‍ ഡോളറാണ്, സിഎജിആര്‍ വളര്‍ച്ചാ നിരക്ക് 5.4 ശതമാനമാണ്, ഈ വര്‍ഷം ഇത് 778.9 മില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓര്‍ഗാനിക് പാനീയങ്ങളുടെ ഉപഭോഗം കഴിഞ്ഞ വര്‍ഷം 14.1 മില്യണ്‍ ഡോളറില്‍ നിന്ന് 2022 ല്‍ 15.2 ശതമാനം സിഎജിആര്‍ നിരക്കോടെ 16.6 മില്യണ്‍ ഡോളറായി വളരുമെന്ന് കണക്കാക്കപ്പെടുന്നു.