ദോഹ, റയ്യാന്‍ മുനിസിപാലിറ്റികള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് സിറ്റീസ് അക്രഡിറ്റേഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ, റയ്യാന്‍ മുനിസിപാലിറ്റികള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് സിറ്റീസ് അക്രഡിറ്റേഷന്‍ ലഭിച്ചു. ആരോഗ്യ രംഗത്തെ മികച്ച നിലവാരത്തിനും സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം.
ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള എഡ്യുക്കേഷന്‍ സിറ്റിക്ക് ഹെല്‍ത്തി എഡ്യുക്കേഷന്‍ സിറ്റി എന്ന അംഗീകാരവും ലഭിച്ചു.
പൊതുജനാരോഗ്യ മന്ത്രാലയം, മുന്‍സിപ്പല്‍ മന്ത്രാലയം, ഖത്തര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്ത അഭിമുഖ്യത്തില്‍ ഇന്ന് മുശൈരിബില്‍ നടന്ന ചടങ്ങില്‍ ലോകാരോഗ്യ സംഘടനയുടെ അക്രഡിറ്റേഷന്‍ സമ്മാനിച്ചു. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനി, മറ്റു മന്ത്രിമാര്‍, പൗര പ്രമുഖര്‍, ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആരോഗ്യ ബോധവത്ക്കരണ രംഗത്തും പ്രതിരോധ പ്രവര്‍ത്തന രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ദോഹ കാഴ്ചവയ്ക്കുന്നത്. ഖത്തറിന്റെ ആരോഗ്യ മാതൃകക്കുള്ള അംഗീകാരമായാണ് ലോകാരോഗ്യ സംഘടനയുടെ അക്രഡിറ്റേഷന്‍ വിലയിരുത്തപ്പെടുന്നത്.