
മനുഷ്യക്കടത്ത് കേസുകള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഹോട്ട്‌ലൈനൊരുക്കി തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. മനുഷ്യക്കടത്ത് കേസുകള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഹോട്ട്‌ലൈനൊരുക്കി തൊഴില്‍ മന്ത്രാലയം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് നേരിട്ടുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ ആരംഭിക്കുമെന്ന് മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ കമ്മിറ്റി പ്രതിനിധീകരിക്കുന്ന തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു.
മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങളോ പരാതികളോ ശ്രദ്ധയില്‍പെട്ടാല്‍ 16044 എന്ന ഹോട്ട്ലൈന്‍ നമ്പറിലോ , Ht@mol.gov.qa എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് മന്ത്രാലയം ഒരു പ്രസ്താവനയില്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയും ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് മനുഷ്യക്കടത്ത് ചെറുക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയം ഹോട്ട്‌ലൈന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.