കുടിശ്ശിക വരുത്തി പെന്‍ഷന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹം .അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ പെന്‍ഷന് അര്‍ഹത നഷ്ടപ്പെട്ട പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ അനുമതി നല്‍കി കേരള സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.
പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ കൃത്യമായി അവരുടെ അംശാദായം അടക്കണമെന്നാണ് ചട്ടം. ഒരു വര്‍ഷത്തിന് മേലെ അംശാദായം അടക്കുന്നതില്‍ കുടിശ്ശിക വരുത്തിയാല്‍ 15% പിഴ അടക്കേണ്ടതാണ്. അതുപോലെ, പെന്‍ഷന് അര്‍ഹരാവുന്ന സമയത്ത് പിഴയോ കുടിശ്ശികയോ പാടില്ല. പിഴയോ കുടിശ്ശികയോ ഉണ്ടായാല്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതല്ലെന്നാണ് വ്യവസ്ഥ. ഈ ചട്ടം പലര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നതില്‍ വലിയ പ്രയാസമായി നില്‍ക്കുകയായിരുന്നു. ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോഴാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഈ ആവശ്യം പരിഗണിക്കുകയും പെന്‍ഷന്‍ പ്രായത്തിന് മുമ്പ് ഒരു വര്‍ഷത്തില്‍ താഴെ അംശാദായം കുടിശ്ശിക വരുത്തിയവര്‍ക്ക് അംശാദായവും പിഴയും അടച്ചാല്‍ പെന്‍ഷന്‍ നല്‍കാമെന്ന് ഉത്തരവിറക്കുകയും ചെയ്തത്.
നിയമ പ്രകാരം, ഒരാള്‍ പെന്‍ഷന് അര്‍ഹരായി രണ്ട് വര്‍ഷത്തിനകം പെന്‍ഷന് അപേക്ഷ നല്‍കേണ്ടതാണ്. എന്നാല്‍ ഈ ഉത്തരവിന്റെ പരിധിയില്‍ വരുന്നവര്‍ രണ്ട് വര്‍ഷം കഴിഞ്ഞാലും കുടിശ്ശികയും പിഴയും അടയ്ക്കുന്നതിനാല്‍ അവര്‍ക്ക് രണ്ട് വര്‍ഷം എന്ന പരിധിയും ഒഴിവാകും. സാധാരണ ഗതിയില്‍ 60 വയസ്സില്‍ പെന്‍ഷന് അര്‍ഹത നേടിയ അംഗം 62 വയസ്സിനുള്ളില്‍ അപേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍, ഇപ്പോഴത്തെ ഉത്തരവിന്‍ കീഴില്‍ വരുന്നവര്‍ക്ക് 62 വയസ്സിന് മേലെയും അപേക്ഷിക്കാവുന്നതാണ്.
ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഇളവ് ഉത്തരവ് മാത്രമായിരിക്കുമെന്നതിനാല്‍ അവസരം നഷ്ടപ്പെടാതെ നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഖത്തറിലെ ലോക കേരള സഭാംഗങ്ങള്‍ ഖത്തറില്‍ നിന്നുള്ള ക്ഷേമ നിധി ഡയരക്ടര്‍ കെ.കെ. ശങ്കരന്‍, ഒമാനില്‍ നിന്നുള്ള ഡയരക്ടര്‍ പി എം. ജാബിര്‍ തുടങ്ങിയവര്‍ മുഖേനയാണ് ഈ വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത്.