കോവിഡ് മരണ ധനസഹായം; പ്രവാസികള്‍ക്ക് പ്രതീക്ഷയായി കേരള സര്‍ക്കാര്‍ നിലപാട്
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് സുപ്രിം കോടതിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കുന്ന അമ്പതിനായിരം രൂപയുടെ ധനസഹായം പ്രവാസികള്‍ക്ക് കൂടി നല്‍കുന്നതിന് കേരളാ സര്‍ക്കാറിന് അനുകൂലമായ നിലപാടാണുള്ളതെന്നും ഈ കാര്യം പ്രത്യേകമായി പ്രധാനമന്ത്രിയോട് 2021 ഡിസംബര്‍ 15 ന് രേഖാമൂലം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഗവണ്‍മെന്റ് പ്ലീഡര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ധനസഹായം ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ആണ് കേരളാ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം മാര്‍ച്ച് മൂന്നിനകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ധനസഹായ തുകയുടെ 75% വഹിക്കുന്നത് കേന്ദ്ര സര്‍ക്കാറും ബാക്കിവരുന്ന 25% കേരളസര്‍ക്കാറുമാണ് വഹിക്കുന്നത്.
വിദേശത്ത് വെച്ച് കോവിഡ് മൂലം 4,355 പേര്‍ മരണമടഞ്ഞയാണ് സര്‍ക്കാര്‍ രേഖകളില്‍ കാണുന്നത്. എളമരം കരീം എം.പി.യുടെ ചോദ്യത്തിന് ഉത്തരമായി 10 – 2 – 2022 ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ധനസഹായത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് മരണ സംഖ്യ ഇതിലും ഏറെ കൂടുതലായിരിക്കും. ഭരണ- പ്രതിപക്ഷ അഭിപ്രായ വ്യത്യാസമില്ലാത്ത ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്.
കോവിഡ് കാലത്ത് മാത്രം പ്രവാസികള്‍ക്കായി പതിനഞ്ചോളം വിഷയങ്ങളില്‍ കോടതിയെ സമീപിക്കുകയും അതില്‍ ഏറെ വിജയം വരിക്കാനും പ്രവാസി ലീഗല്‍ സെല്ലിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്രവാസി ലീഗല്‍ സെല്‍ ഖത്തര്‍ ഹെഡ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പറഞ്ഞു.
ഈ വിഷയത്തിലും പ്രവാസികള്‍ക്ക് അനുകൂല നടപടിയാണ് പ്രവാസി ലീഗല്‍ സെല്‍ പ്രതീക്ഷിക്കുന്നത്.