ഖത്തറിലെ പുതുക്കിയ യാത്ര നയം, ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി എംബസി
അമാനുല്ല വടക്കാങ്ങര
ദോഹ. പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കിയ യാത്രാ, മടക്ക നയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി എംബസി രംഗത്ത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇന്ത്യന്‍ എംബസി വിവരങ്ങള്‍ പങ്കുവെച്ചത്.
പുതുക്കിയ ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസി പ്രകാരം റെഡ്-ലിസ്റ്റ് ഹെല്‍ത്ത് മെഷേഴ്‌സ് വിഭാഗത്തിന് കീഴില്‍ വരുന്ന ഒമ്പത് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഫെബ്രുവരി 28 തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതലാണ് പുതിയ നയം പ്രാബല്യത്തില്‍ വരിക.
എംബസി വിശദീകരിച്ച പ്രകാരം ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ബാധകമായ നിയമങ്ങള്‍ ഇവയാണ്
ഖത്തറില്‍ റസിഡന്‍സ് പെര്‍മിറ്റുള്ള , പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്തവരേയും കോവിഡ്-19ല്‍ നിന്ന് സുഖം പ്രാപിച്ചവരേയും യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ നിന്നും ദോഹയില്‍ എത്തിയ ശേഷമുള്ള ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം.
എന്നാല്‍ വാക്സിനേഷന്‍ പൂര്‍ത്കീകരിക്കാത്ത താമസക്കാര്‍ യാത്രയ്ക്ക് പരമാവധി 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം.
അവര്‍ ഖത്തറില്‍ അഞ്ച് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുകയും അഞ്ച് ദിവസത്തിന് ശേഷം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുകയും വേണം.
പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തവരും കൊവിഡ്-മുക്തി നേടിയവരുമായ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ യാത്രയ്ക്ക് പരമാവധി 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കുകയും ഖത്തറിലെത്തിയ ശേഷം ഒരു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുകയും വേണം. ഈ വിഭാഗത്തില്‍പെടുന്നവര്‍ ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ എടുക്കാത്ത സന്ദര്‍ശകര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കില്ല.
ഇന്ത്യക്ക് പുറമേ പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ളാദേശ് , ഈജിപ്ത്, ജോര്‍ജിയ , ജോര്‍ഡാന്‍, ഫിലിപ്പീന്‍സ് എന്നീ 8 രാജ്യങ്ങളാണ് റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിലുള്ളത്.
വാക്‌സിനെടുത്ത് 14 ദിവസം പിന്നിട്ട് 9 മാസം വരെയാണ് വാക്‌സിനെടുത്തതതായി പരിഗണിക്കുക. 9 മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസെടുക്കണം. അതുപോലെ തന്നെ 9 മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് ഭേദമായതിനുള്ള ഔദ്യോഗിക രേഖകളുള്ളവരെയാണ് കോവിഡ്-19ല്‍ നിന്ന് സുഖം പ്രാപിച്ചവരായി പരിഗണിക്കുക.