ലുസൈല്‍ ഡ്രൈവ് ത്രൂ & വാക്‌സിനേഷന്‍ സെന്റര്‍ അടക്കുന്നു
ദോഹ. ലുസൈല്‍ ഡ്രൈവ് ത്രൂ & വാക്‌സിനേഷന്‍ സെന്റര്‍ അടക്കുന്നു. പി.സി.ആര്‍ പരിശോധനക്കും വാക്‌സിനേഷനുമായി ആരംഭിച്ച ലുസൈല്‍ ഡ്രൈവ് ത്രൂ & വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് രാത്രി 9 മണിയൊടെ അടക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അറിയിച്ചു. പ്രതിദിന കോവിഡ് കേസുകളില്‍ ഉണ്ടായ ഗണ്യമായ കുറവും പി.സി.ആര്‍ പരിശോധനയുടെ ആവശ്യക്കാര്‍ കുറഞ്ഞതുമാണ് കേന്ദ്രം അടച്ചു പൂട്ടാന്‍ കാരണം.
ഒമിക്രോണ്‍ വ്യാപിക്കുകയും പി.സി.ആര്‍ പരിശോധനക്കുള്ള ഡിമാന്റ് വര്‍ദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ജനുവരി ആദ്യത്തിലാണ് പ്രതിദിനം അയ്യായിരം പേര്‍ക്ക് പി.സി.ആര്‍ പരിശോധനാ സൗകര്യമുള്ള ലുസൈല്‍ ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റിംഗ് & വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചത്. ജനുവരി മുതല്‍ ഏകദേശം 1 ലക്ഷത്തിലധികം ആളുകള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലേക്കും യാത്രക്ക് പി.സി.ആര്‍ ഒഴിവാക്കിയതോടെ പി.സി.ആറിനുള്ള ഡിമാന്‍ഡ് ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാമമാത്രമായ ആളുകളാണ് ഈ കേന്ദ്രത്തില്‍ കോവിഡ് പരിശോധനക്കും വാക്‌സിനേഷനുമായി എത്തിക്കൊണ്ടിരുന്നത്.