മലയാളി സമാജത്തിന്റെ മലയാള പ്രതിഭാ സംഗമം 2021 ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. മലയാളി സമാജവും റേഡിയോ മലയാളം 98.6 ഉം ചേര്‍ന്ന് 2020 – 2021 അദ്ധ്യയന വര്‍ഷത്തിലെ പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തിന് ഉന്നത വിജയം നേടിയ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും, അവരുടെ അധ്യാപകരെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച മലയാള പ്രതിഭാ സംഗമം 2021 ശ്രദ്ധേയമായി .
2019 മുതല്‍ സമാജം നല്‍കുന്ന മലയാള പ്രതിഭാ പുരസ്‌കാരത്തിനു ഇത്തവണ 55 വിദ്യാര്‍ത്ഥികളാണ് അര്‍ഹരായത്.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സമാജം വൈസ് പ്രസിഡന്റ് വേണുഗോപാലന്‍ പിള്ള , റേഡിയോ മലയാളം ആര്‍. ജെ രതീഷ് എന്നിവര്‍ സംസാരിച്ചു.
സമാജം എക്‌സിക്യൂട്ടീവ് അംഗംങ്ങള്‍ ചേര്‍ന്ന് അധ്യാപകരെ മെമെന്റോ നല്‍കി ആദരിച്ചു .
ശ്രീദേവി യു എം (ഐഡിയല്‍) , ഷൈജു എ (ഭവന്‍സ് ), നിമി നടരാജന്‍ (ഡിപിഎസ്) , ബിജിലി മോഹനകുമാര്‍ (എം ഇ എസ്) പ്രമോദ് (നോബിള്‍, പ്രസാദ്. പി (ശാന്തിനികേതന്‍) എന്നീ അധ്യാപകര്‍ സംസാരിച്ചു.
തുടര്‍ന്നു കലാസംസ്‌കാരിക രംഗത്തെ പ്രമുഖരും സമാജം എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു .സമാജം അംഗങ്ങളായ ഹിബ ഷംന, അനു രാജേഷ്, സുധീര്‍,ബിനു ആന്റണി, ഹരിനാഥ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
മലയാളി സമാജം സെക്രട്ടറി റിയാസ് അഹമ്മദ് സ്വാഗതവും ട്രഷറര്‍ വീണ നന്ദിയും പറഞ്ഞു. ജോയിന്റ് സെക്രട്ടറി സരിത ജോയ്സ് ആമുഖവും പറഞ്ഞ ചടങ്ങില്‍ പരിപാടികള്‍ നിയന്ത്രിച്ചത് എക്‌സിക്യൂട്ടീവ് അംഗം ഹരിനാഥ് ആയിരുന്നു.