
കേരള ബജറ്റ് നിരാശാജനകം.കള്‍ച്ചറല്‍ ഫോറം
അമാനുല്ല വടക്കാങ്ങര
ദോഹ : ധനമന്ത്രി കെ.എല്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേരള ബജറ്റ് പ്രവാസികളെ നിരാശരാക്കിയെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
മുന്‍ ബജറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവാസികളെ കാര്യമായി പരാമര്‍ശിച്ചില്ല. കോവിഡില്‍ മരിച്ച പ്രവാസി കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്ന ആവശ്യം പൂര്‍ണമായും അവഗണിക്കപ്പെടുകയും കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ അനേകായിരം പ്രവാസികളുടെ പുനരധിവാസത്തെ കുറിച്ച് ഒരു നിര്‍ദ്ദേശവും മുന്നോട്ടുവെക്കാത്ത ബജറ്റ് നിരാശാജനകമാണ് .
കേരളത്തിന്റെ ജിഡിപിയുടെ ഒരു വലിയ ശതമാനം പങ്കും സംഭാവന ചെയ്യുന്നത് പ്രവാസികളാണ്. എന്നാല്‍, പ്രവാസികളുടെ ക്ഷേമത്തിനോ, ഗുണകരമാകുന്നതോ ആയ പദ്ധതികളൊന്നും ബജറ്റിലുണ്ടായില്ല. വിവിധ മേഖലകളില്‍ ദീര്‍ഘകാല അനുഭവ പരിചയവും പ്രാവീണ്യവുമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ട്ടപെട്ടു നാട്ടിലുണ്ടായിരിക്കെ അവരുടെ കഴിവുകള്‍ നാടിന്റെ വികസനത്തിന് ഉപയോഗിക്കുന്ന പദ്ധതികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുക പോലും ചെയ്തില്ല എന്നത് കൂടി വ്യക്തമാക്കുന്നതാണ് ഈ ബജറ്റ്.
അതേ സമയം യുക്രൈനില്‍ നിന്ന് മടങ്ങേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുമെന്നത് സ്വാഗതാര്‍ഹമാണെന്നും കള്‍ച്ചറല്‍ ഫോറം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് എ.സി മുനീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഷാനവാസ് ഖാലിദ്, ചന്ദ്ര മോഹന്‍, സജ്‌ന സാക്കി, ജനറല്‍ സെക്രട്ടറി മജീദ് അലി, താസീന്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.