IM Special

ചായയുടെ രൂചിപ്പെരുമയുമായി ടേസ്റ്റി ടീ

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറില്‍ ചായയുടെ രൂചിപ്പെരുമയുമായി ടേസ്റ്റി ടീ ജൈത്രയാത്ര തുടരുമ്പോള്‍ അതിന്റെ അമരക്കാരന്‍ അഷ്റഫ് അമ്മാന്‍കണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ സന്തോഷമുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി ഖത്തറില്‍ വിവിധ രംഗങ്ങളിലുള്ള അഷ്റഫിന്റെ സംരംഭക ജീവിതം സ്ഥിരോല്‍സാഹത്തിന്റേയും കഠിനാദ്ധ്വാനത്തിന്റേയും സാക്ഷ്യ പത്രമാണ്. നിരന്തര പരിശ്രമങ്ങളിലൂടെ ഒരു സംരംഭകനാവുക എന്ന സ്വപ്നം പൂവണിഞ്ഞപ്പോള്‍ കുറേ പേര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയുന്നു എന്ന സന്തോഷമാണ് അദ്ദേഹത്തെ കൂടുതല്‍ ഊര്‍ജസ്വലനാക്കുന്നത്. ഇപ്പോഴും അദ്ദേഹം രാവും പകലും ഓടി നടന്ന് കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്ഥിരോല്‍സാഹം, കഠിനാദ്ധ്വാനം, ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത തുടങ്ങിയവയാണ് സംരംഭക മേഖലയിലെ വിജയമന്ത്രങ്ങളെന്നാണ് അദ്ദേഹം കരുതുന്നത്. 16 ഔട്ട്ലെറ്റുകളാണ് ഇപ്പോഴുള്ളത്. അടുത്ത വര്‍ഷം കായിക ചരിത്രത്തില്‍ പുതിയ അധ്യായംം എഴുതിചേര്‍ത്ത് ഫിഫ ലോക കപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുമ്പോള്‍ ടേസ്റ്റി ടീയുടെ 30 ശാഖകള്‍ എന്നതാണ് അഷ്റഫിന്റെ സ്വപ്നം.

ചായയോടുള്ള താല്‍പര്യം എല്ലാ വിഭാഗം ആളുകളിലുമുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം ചായ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. അറബ് വംശജര്‍ പൊതുവിലും ഖത്തറികള്‍ വിശേഷിച്ചും ചായയോട് കമ്പമുള്ളവരാണ്. ചായ സല്‍ക്കാരമെന്നത് മിക്ക സമൂഹങ്ങളിലും നിലവിലുണ്ട്. ഒരു നല്ല ചായ പലപ്പോഴും ആളുകളുടെ ഹൃദയം കീഴടക്കാനുള്ള മാര്‍ഗമാകാം. ഈ തന്ത്രമാണ് ടേസ്റ്റി ടീ യിലൂടെ അഷ്റഫ് പയറ്റുന്നത്. നല്ല രുചിയും കടുപ്പവുമുള്ള ചായയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കാനായതാണ് ടേസ്റ്റി ടീയെ ജനകീയമാക്കിയത്. കരക് ചായയും ശവര്‍മയും തേടി നിത്യവും ആയിരക്കണക്കിനാളുകളാണ് ടേസ്റ്റി ടീയിലെത്തുന്നത്. സവിശേഷമായ ചായ കൂട്ടുകളും ചായപ്പൊടികളും മാത്രമല്ല മനോഹരമായ കപ്പുകളില്‍ പ്രൊഫഷണല്‍ മികവോടെ സര്‍വ് ചെയ്യുന്നതും ടേസ്റ്റി ടീയെ വ്യതിരിക്തമാക്കുന്നു. 60 തരം ചായകളും കോഫികളും മാത്രമല്ല അഞ്ഞൂറിലധികം ഇനം സാന്റ് വിച്ചുകളും മുന്നൂറോളം ജ്യൂസുകളും വ്യത്യസ്ത അഭിരുചിയുള്ള ജനവിഭാഗങ്ങളുടെ രുചിമുകുളങ്ങളെ ത്രസിപ്പിച്ചാണ് ടേസ്റ്റി ടീ അതിന്റെ പുരോഗതിയിലേക്കുള്ള കുതിപ്പിന് ആക്കം കൂട്ടുന്നത്..

അല്‍പം ചായ പുരാണം

ജീവിതത്തില്‍ ചായ കുടിക്കാത്തവര്‍ വളരെ കുറവായിരിക്കും. ചില ആളുകള്‍ക്ക് ചായ ഇല്ലാതെ ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. കാര്യമായ ഭക്ഷണമൊന്നും കിട്ടിയില്ലെങ്കിലും നല്ല കട്ടന്‍ ചായ കിട്ടിയാല്‍ മതിയെന്ന് പറയുന്നവരേയും കാണാം. ദിവസവും അഞ്ചും ആറും ഗ്ലാസ് ചായ കുടിക്കുന്നവരുണ്ട്. എന്നാല്‍ ഈ ചായ എവിടെ നിന്നാണ് വന്നതെന്നതിനെക്കുറിച്ച് നാമാരെങ്കിലും ചിന്തിച്ചിട്ടുണ്ട്. ഇന്ന് ഗുണനിലവാരമുള്ള പല തേയിലകളും വരുന്നത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണെങ്കിലും യഥാര്‍ത്ഥത്തില്‍ നമ്മുടെ ചായ വന്നത് ചൈനയില്‍ നിന്നാണത്രേ. തേയിലയുടെ ഇലകള്‍ ഉപയോഗിച്ച് ചായ ഉണ്ടാക്കാമെന്ന് കണ്ടു പിടിച്ച് ലോകത്തിന് കാണിച്ചു കൊടുത്തത് ചൈനക്കാരാണെന്നാണ് പറയപ്പെടുന്നത്.

കേവലം ഉന്മേഷദായകമായ ഒരു പാനീയമെന്നതിനപ്പുറം ചായക്ക് പല ആരോഗ്യ ഗുണങ്ങളുമുണണ്ടെന്നാണ് പറയപ്പെടുന്നത്. ചായ കുടിക്കുന്നതിലൂടെ ലോഡെന്‍സിറ്റി കൊളസ്ട്രോള്‍ അലിയിച്ച് കളഞ്ഞ് കൊണ്ട് പരമാവധി ഹൃദോഗങ്ങള്‍ കുറക്കും എന്നാണ്. അത് പോലെ ചായയിലെ ആന്റി ഓക്സിഡന്റുകള്‍ക്ക് കാന്‍സറിനെ ഒരു പരിധി വരെ തടയാന്‍ സാധിക്കും. രോഗ പ്രതിരോധ ശേഷി കൂട്ടാനും ദഹനം കൂട്ടാനും കട്ടന്‍ ചായക്ക് കഴിയുമെത്രേ.

ചായ സല്‍ക്കാരത്തിന്റെ, സൗഹൃദത്തിന്റെ, കൂട്ടായ്മയുടെ, സഹകരണത്തിന്റെയൊക്കെ മാര്‍ഗമായി മാറുമ്പോള്‍ ചായ കച്ചവടവും പൊടി പൊടിക്കും. നിത്യവും ഇരുപതിനായിരത്തോളം കപ്പ് ചായകളാണ് ടേസ്റ്റി ടീ വിറ്റുകൊണ്ടിരിക്കുന്നത്. ഒരു ബിസിനസ് എന്നതിലുപരി ജനങ്ങള്‍ക്ക് ഹൃദ്യമായ സ്നേഹം പകരുന്ന ചായ നല്‍കുന്നതിലെ സായൂജ്യവും തന്റെ ബിസിനസില്‍ ആവേശം പകരുന്നതാണെന്ന് അഷ്റഫ് പറയുന്നു.

ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ച് ഫ്ളാസ്‌ക് ചായയും ടേസ്റ്റി ടീ നല്‍കുന്നുണ്ട്. അത്യാകര്‍ഷകമായ ബ്രാന്‍ഡിംഗോടെ നല്‍കുന്ന ചായയും ജ്യൂസും സാന്റ് വിച്ചുകളും തന്നെയാണ് ടേസ്റ്റി ടീയുടെ മുഖമുദ്ര. സേവന സന്നദ്ധരായ ജീവനക്കാര്‍ സ്ഥാപനത്തിന്റെ ഏറ്റവും പ്രധാന ആസ്ഥിയായി കൂടെ നില്‍ക്കുമ്പോള്‍ ടേസ്റ്റി ടീ എന്നത് കൂട്ടായ്മയുടെ വിജയമായി ചരിത്രം രചിക്കുകയാണ് .

കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പാലം സ്വദേശിയായ അഷ്റഫ് 1997 മുതല്‍ ഖത്തറിലുണ്ട്. റജീനയാണ് അഷ്റഫിന്റെ സഹധര്‍മിണി. ബിസിനസില്‍ ഇടപെടാറില്ലെങ്കിലും പങ്കാളിയുടെ മാനസിക പിന്തുണ തന്റെ ശക്തിയാണ്.

അര്‍ഷീന, മുഹമ്മദ് അര്‍ഷാദ്, മുഹമ്മദ് അദ്നാന്‍ എന്നിവരാണ് മക്കള്‍. അര്‍ഷീന വിവാഹിതയാണ്. മരുമകന്‍ ഫയാസ് മുനവ്വര്‍ അബ്ദുല്ല നാട്ടില്‍ ബിസിനസുകാരനാണ്. മകന്‍ മുഹമ്മദ് അര്‍ഷാദ് എഞ്ചിനീയറിംഗ് കോച്ചിംഗിന് പോകുന്നു. ചെറിയ മകന്‍ മുഹമ്മദ് അദ്നാന്‍ ആറാം തരം വിദ്യാര്‍ഥിയാണ്.

Related Articles

Back to top button
error: Content is protected !!