ദുര്‍ഗാദാസിനും ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടീസ്
ദുര്‍ഗാദാസിനും ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടീസ്
കോഴിക്കോട്: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ യൂത്ത് കോണ്‍ക്ളേവ് പരിപാടിയില്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിന് ഖത്തറിലെ മുന്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗാ ദാസ് ശിശുപാലന് ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം വക്കീല്‍ നോട്ടീസ് അയച്ചു.
അഡ്വ.അമീന്‍ ഹസ്സന്‍ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന യൂത്ത് കോണ്‍ക്ളേവിലെ പരിപാടിക്കിടെയാണ് ഭീകരവാദ സംഘടനകള്‍ക്ക് വേണ്ടിയുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്ന് ദുര്‍ഗാദാസ് പറഞ്ഞത്. ഇയാളുടെ പരാമര്‍ശങ്ങള്‍ വസ്തുതാ വിരുദ്ധവും ദുരുദ്ദേശപരവുമാണ്. മത സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്‌ലാമിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപെടുത്താനുമുള്ള ശ്രമമാണെന്നും നോട്ടീസില്‍ പറയുന്നു.
പ്രസ്താവന പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വംശീയാധിക്ഷേപത്തെ തുടര്‍ന്ന് ദുര്‍ഗാദാസിനെ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തു. അപകീര്‍ത്തികരമായി പ്രസംഗിച്ചതിന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനും കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി നോട്ടീസ് അയച്ചിരുന്നു.