ഊര്‍ജ പ്രതിസന്ധി, വ്യോമയാന മേഖലയില്‍ മാന്ദ്യത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കുതിച്ചുയരുന്ന എണ്ണവിലയുടെ ഫലമായി എയര്‍ലൈന്‍ വ്യവസായം മറ്റൊരു മാന്ദ്യത്തെ അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബാക്കറിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ധന വില ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ സ്വാഭാവികമായും ചരക്കുഗതാഗതത്തിന്റേയും യാത്രക്കാരുടെയും ചെലവ് വര്‍ദ്ധിക്കും – ഇതെല്ലാം വ്യോമയാന വ്യവസായത്തില്‍ രണ്ടാമത്തെ മാന്ദ്യത്തിന് തുടക്കമിടും,’ അല്‍ ബാക്കര്‍ വ്യോമയാന അനലിസ്റ്റ് ജോണ്‍ സ്ട്രിക്ലാന്‍ഡുമായുള്ള അഭിമുഖത്തില്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
1973ലെ എണ്ണ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഊര്‍ജ വിലയിലുണ്ടായതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോകാടിസ്ഥാനത്തില്‍ തന്നെ വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ധനവില വര്‍ദ്ധന സൃഷ്ടിക്കുന്നത്.