പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ നാളെ മുതല്‍ ഒരാഴ്ചത്തെ ബോധവല്‍ക്കരണ കാമ്പയിനുമായി ഫിഫ ലോകകപ്പ് സംഘാടകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ നാളെ മുതല്‍ ഒരാഴ്ചത്തെ ബോധവല്‍ക്കരണ കാമ്പയിനുമായി ഫിഫ ലോകകപ്പ് സംഘാടകര്‍ . ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഉപേക്ഷിക്കാന്‍ ആളുകളെയും ബിസിനസ്സുകളെയും പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിന്‍ ലക്ഷ്യം.
സെവന്‍ ക്ലീന്‍ സീസുമായി സഹകരിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി (എസ്സി), ലോക സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ നടപടിയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് വണ്‍ ടൈഡ് വീക്ക് കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നീക്കം ചെയ്യാനും കപ്പുകള്‍, കണ്ടെയ്നറുകള്‍, കട്ട്ലറികള്‍ എന്നിവയുള്‍പ്പെടെ പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.
ഓരോ മിനിറ്റിലും, ഒരു മാലിന്യ ട്രക്കിന് തുല്യമായ പ്ലാസ്റ്റിക്ക് സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുന്നു, ഇത് തുടര്‍ന്നാല്‍, 2050 ഓടെ നമ്മുടെ സമുദ്രങ്ങളില്‍ മത്സ്യത്തേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉണ്ടാകും. ഈ പ്ലാസ്റ്റിക് മലിനീകരണം ജലജീവികളെ അപകടപ്പെടുത്തുകയും മനുഷ്യന്റെ ആരോഗ്യത്തെ ഭീഷണിപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ബാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത്തരമൊരു ആഗോള ഭീഷണിയെ നേരിടുന്നതിനുളള മുന്നൊരുക്കമാണ് ഈ കാമ്പയിന്‍.