
പുഴു – സിനിമ ചര്‍ച്ച സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ജാതിവ്യവസ്ഥയുടെ ജീര്‍ണതകള്‍ തുറന്ന് കാട്ടുന്ന ‘പുഴു’ സിനിമയെ കുറിച്ച് കള്‍ച്ചറല്‍ ഫോറം ഫിലിം ക്ലബ്ബ് തുറന്ന ചര്‍ച്ച സംഘടിപ്പിച്ചു.
പിന്നോക്കരും അധസ്തിഥരും എന്നും കുറ്റവാളികളും പ്രശ്നക്കാരുമായി മാത്രം അഭ്രപാളികളില്‍ പ്രത്യക്ഷപ്പെടുന്ന ഇന്ത്യന്‍ സിനിമയുടെ നടപ്പ് ശീലത്തിനൊരു തിരുത്ത് കൂടിയാണ് പുഴുവെന്ന് ചര്‍ച്ച സദസ്സ് അഭിപ്രായപ്പെട്ടു. ജാതി വ്യവസ്ഥയെ ഉള്ളില്‍ പേറുന്നവരാണ് മാറേണ്ടതും ഇന്നും നിലനില്‍ക്കുന്ന സവര്‍ണ്ണ മേധാവിത്തത്തിന്റെ ആശയങ്ങല്‍ പേറുന്നവരുടെ ജീര്‍ണ്ണതകളെയാണ് തുറന്നെതിര്‍ക്കേണ്ടതെന്നുമാണ് പുഴു നമ്മോട് പറയുന്നത്.
ഈ സിനിമയെ വ്യത്യസ്ഥ കോണുകളില്‍ നിന്ന് നിരൂപണം ചെയ്ത് ഇത് ഒരു പാരന്റിംഗ് പ്രശ്നമായോ വ്യക്തിയുടെ സ്വഭാവദൂഷ്യമായോ ഒക്കെ ചെറുതാക്കി ഈ സിനിമയുടെ യഥാര്‍ത്ഥ ഉളള്ളടക്കം ദോഷകരമായി ബാധിക്കുന്നവരെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തെ തുറന്ന് കാട്ടുകയും ഇത്തരം സിനിമകളെ ധാരാളമായി ചര്‍ച്ച ചെയ്യുകയും ഇതിലെ രാഷ്ട്രീയം പ്രചരിപ്പിക്കുകയും വേണമെന്നും ചര്‍ച്ച സദസ്സ് ആവശ്യപ്പെട്ടു.
പ്രമുഖ അംബേദ്കറിസ്റ്റ് പ്രമോദ് ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തി. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ ചര്‍ച്ച നിയന്ത്രിച്ചു. സുധീര്‍ എം എ,സജീര്‍ കരുനാഗപള്ളി റാഫിദ് പാലക്കാട് ,രാധാകൃഷ്ണന്‍ പാലക്കാട്,സാലിക് തിരൂര്‍,റഷീദ് കൊല്ലം,ശറഫുദ്ധീന്‍ സി ,മുനഫര്‍ തങ്ങള്‍,ലത്തീഫ് കോര്‍പുള്ളി, ഖാദര്‍ മാള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
കള്‍ച്ചറല്‍ ഫോറം ഫിലിം ക്ലബ്ബ് ഡയറക്ടര്‍ അനീസ് മാള ആമുഖ പ്രഭാഷണവും കള്‍ച്ചറല്‍ ഫോറം സെക്രട്ടറി കെ.ടി. മുബാറക് സമാപനവും നിവ്വഹിച്ചു.