പൊടിയില്‍ മുങ്ങി ഖത്തര്‍ , ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളും പൊടിയില്‍ മുങ്ങുകയും ദൃശ്യപരത ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പലയിടങ്ങളിലും ദൃശ്യപരത 2 കിലോമീറ്ററില്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ തുടങ്ങിയ പൊടിക്കാറ്റ് ഇപ്പോഴും അടിച്ചുവീശുകയാണ് .
അലര്‍ജി, ആസ്തമ തുടങ്ങിയവയുള്ളവര്‍ വിശിഷ്യ പ്രായം ചെന്നവര്‍ അത്യാവശ്യമല്ലെങ്കില്‍ പുറത്തിറങ്ങരുതെന്ന് നേരത്തെ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. കണ്ണിനോ മൂക്കിനോ ഈയിടെ സര്‍ജറിക്ക് വിധേയമായവരും കണിശമായും പൊടിയില്‍ നിന്നും മാറി നില്‍ക്കണം.
പൊടിയും അഴുക്കും നേരിട്ട് ബാധിക്കുന്നത് ഒഴിവാക്കുക, മുഖം, മൂക്ക്, വായ എന്നിവ ഇടക്കിടെ കഴുകുക, ശ്വസനവ്യവസ്ഥയിലേക്ക് പൊടി വരാതിരിക്കാന്‍ മാസ്ക് ധരിക്കുന്നത് തുടരുക, കണ്ണുകളില്‍ പൊടിയായാല്‍ തിരുമ്മാതെ ശുദ്ധ വെള്ളത്തില്‍ കഴുകുക തുടങ്ങിയ സുരക്ഷ നിര്‍ദേശങ്ങളും ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്.