ഫിഫ ലോക കപ്പിന്റെ ഭാഗമായി കലാപ്രകടനങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള കലാകാരന്മാരെ ക്ഷണിച്ച് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള കലാകാരന്മാരെ ക്ഷണിച്ച് ഖത്തര്‍. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ലോക കപ്പ് അവിസ്മരണീയമാക്കുന്നതിനും കാല്‍പന്തുകളിയീരാധകര്‍ക്ക് ആഴത്തിലുള്ള സാംസ്‌കാരിക അനുഭവം സമ്മാനിക്കുന്നതിനുമാണ് ലോകമെമ്പാടുമുള്ള കലാകാരന്മാരെ ക്ഷണിക്കുന്നത്.
വിഷ്വല്‍ ആര്‍ട്സ്, ക്രാഫ്റ്റ്സ്, ഹെറിറ്റേജ്, ഫാഷന്‍ ആന്റ് ഡിസൈന്‍, പെര്‍ഫോമന്‍സ് ആര്‍ട്ട്സ്, തിയറ്റര്‍, സംഗീതം, സിനിമ എന്നിവയുള്‍പ്പെടെ വിവിധ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള എല്ലാത്തരം കലാകാരന്മാരില്‍ നിന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി (എസ്സി) അപേക്ഷകള്‍ സ്വാഗതം ചെയ്തു.
തെരഞ്ഞെടുക്കപ്പെടുന്ന കലാകാരന്മാര്‍ ഹോസ്റ്റ് കണ്‍ട്രി എന്റര്‍ടെയ്ന്‍മെന്റ് ഓഫറിന്റെ ഭാഗമാകുകയും അസാധാരണമായ ഒരു ആരാധക അനുഭവം നല്‍കാന്‍ സഹായിക്കുകയും ചെയ്യും. ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ നല്‍കിക്കൊണ്ട് ഖത്തര്‍ 2022 സാംസ്‌കാരിക വിനിമയത്തിനുള്ള വേദിയാക്കാനുള്ള എസ്സിയുടെ നിരന്തരമായ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്റ്റേഡിയം പരിസരം, ഫിഫ ഫാന്‍ ഫെസ്റ്റിവല്‍, ഫാന്‍ സോണുകള്‍, കോര്‍ണിഷ് സ്ട്രീറ്റ് ആക്ടിവേഷനുകള്‍, കൂടാതെ എജ്യുക്കേഷന്‍ സിറ്റിയിലെ ദിരീഷ പെര്‍ഫോമിംഗ് ആര്‍ട്സ് ഫെസ്റ്റിവല്‍, മുശൈറിബിലെയും മെട്രോയിലെയും വിനോദ ഓഫറുകള്‍ തുടങ്ങി വിവിധ വേദികളിലാണ് പരിപാടികള്‍ അരങ്ങേറുക.
താല്‍പര്യമുള്ള കലാകാരന്മര്‍ക്ക് https://www.qatar2022.qa/en/opportunities/community-engagement/register-as-artits എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.