ഫിഫ ലോകകപ്പ് വേളയില്‍ ഖത്തറിന്റെ സംപ്രേക്ഷണ സേവനങ്ങള്‍ നിയന്ത്രിക്കാന്‍ അസോസിയേറ്റഡ് പ്രസ്സുമായി സുപ്രീം കമ്മിറ്റി കരാര്‍ ഒപ്പിട്ടു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പ് വേളയില്‍ ഖത്തറിന്റെ സംപ്രേക്ഷണ സേവനങ്ങള്‍ നിയന്ത്രിക്കാന്‍ ലോകകപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആതിഥേയ രാജ്യ ആസൂത്രണവും പ്രവര്‍ത്തനങ്ങളും നല്‍കുന്നതിന് ഉത്തരവാദികളായ ഖത്തറി സംഘടനയായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അസോസിയേറ്റഡ് പ്രസ്സുമായി കരാര്‍ ഒപ്പിട്ടു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന കാല്‍പന്തുകളി മേളയുടെ വിശേഷങ്ങള്‍ ലോകത്തെയറിയിക്കുന്നതിനുള്ള സൗകര്യമൊരുക്കാനാണിത്.
ദോഹയില്‍ നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പുവെച്ചത്.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദിയും എപി പ്രസിഡന്റും സിഇഒയുമായ ഡെയ്സി വീരസിംഹവും കരാറില്‍ ഒപ്പുവച്ചു.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഡയറക്ടര്‍ ജനറല്‍ യാസിര്‍ അല്‍ ജമാല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇവന്റ് എക്‌സ്പീരിയന്‍സ് ഖാലിദ് അല്‍ മൗലവി, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഫാത്വിമ അല്‍ നുഐമി, എപി ഗ്ലോബല്‍ മീഡിയ സര്‍വീസസ് വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ആന്‍ഡി ബ്രാഡല്‍, എപി ബ്രോഡ്കാസ്റ്റ് സര്‍വീസസ് ഹെഡ് (നോര്‍ത്ത് അമേരിക്ക) സൂസന്‍ ഹെന്‍ഡേഴ്‌സണ്‍, എപി സ്‌പെഷ്യല്‍ ഇവന്റ്‌സ് മേധാവി (മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക) റാനിയ ഖാദര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.