എ റിംഗ് റോഡില്‍ പൊതു ബസുകള്‍ക്കും ടാക്‌സികള്‍ക്കും അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമായി ഒരു പാത നിശ്ചയിച്ച് അശ്ഗാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: എ റിംഗ് റോഡില്‍ പൊതു ബസുകള്‍ക്കും ടാക്‌സികള്‍ക്കും അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമായി ഒരു പാത നിശ്ചയിച്ച് അശ്ഗാല്‍ . സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, മൊവാസലാത്ത് എന്നിവയുമായി സഹകരിച്ച് ഗതാഗതം സുഗമമാക്കുന്നതിനും ഫിഫ ലോകകപ്പ് 2022 ഗതാഗത പദ്ധതി അനായാസമാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.
ഫിഫ ലോകകപ്പ് വേളയില്‍ ആയിരക്കണക്കിന് ആരാധകര്‍ക്ക് സുഗമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത അനുഭവം പ്രദാനം ചെയ്യാന്‍ ബസ് പാത സഹായിക്കുമെന്ന് എസ്സിയിലെ മൊബിലിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിന്‍ അബ്ദുല്‍ അസീസ് അല്‍ മൗലവി പറഞ്ഞു.
പൊതു ബസുകള്‍ക്കായി ഒരു നിയുക്ത പാത യാത്രാ സമയം കുറയ്ക്കുമെന്നും ഇത് പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും റോഡിലെ വ്യക്തിഗത വാഹനങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു. അപകട സ്ഥലങ്ങളിലേക്ക് പോലീസും അത്യാഹിത വാഹനങ്ങളും വേഗത്തില്‍ എത്തിച്ചേരുന്നതിനും ഈ പാത സഹായിക്കും.
ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗതാഗത സേവനം നല്‍കുന്ന ഏറ്റവും പുതിയതും പരിസ്ഥിതി സൗഹൃദവുമായ നഗര, സാങ്കേതിക സംവിധാനങ്ങള്‍ അവലംബിച്ച് ഗതാഗത അനുഭവം വര്‍ധിപ്പിക്കുന്നതിനാണ് ഖത്തര്‍ ഗതാഗത മന്ത്രാലയം പരിശ്രമിക്കുന്നത്.