ഖത്തര്‍ ടൂറിസം രംഗത്ത് വന്‍ പുരോഗതി, 2022 ന്റെ ആദ്യ പകുതിയില്‍ ഖത്തറിലെത്തിയത് 729,000-ലധികം അന്തര്‍ദേശീയ സന്ദര്‍ശകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ടൂറിസം രംഗത്ത് വന്‍ പുരോഗതി, 2022 ന്റെ ആദ്യ പകുതിയില്‍ ഖത്തറിലെത്തിയത് 729,000-ലധികം അന്തര്‍ദേശീയ സന്ദര്‍ശകര്‍. ഖത്തറിന്റെ ടൂറിസം മേഖല ശക്തമായ വീണ്ടെടുക്കലിന് സാക്ഷ്യം വഹിക്കുന്നതായും 2021 ലേതിലും 19% വര്‍ദ്ധനവ് 6 മാസം കൊണ്ട് തന്നെ നേടിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2022 ജൂണില്‍ മാത്രം 149,000 സന്ദര്‍ശകരുമായി ഖത്തര്‍ ടൂറിസം ശക്തമായ അന്താരാഷ്ട്ര സന്ദര്‍ശനത്തിന് സാക്ഷ്യം വഹിച്ചു, കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ വേനല്‍ക്കാല മാസത്തിലെ ഏറ്റവും ഉയര്‍ന്ന സന്ദര്‍ശനമാണിത്. മൊത്തം സന്ദര്‍ശകരില്‍ 34% കരമാര്‍ഗം (51,000), 6% കടല്‍ വഴി (10,000), 59% വിമാനമാര്‍ഗം (88,000) ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി എന്നിങ്ങനെയാണ് ടൂറിസ്റ്റുകളെത്തിയത്.
2021 ഡിസംബര്‍ മുതല്‍ 2022 ജൂണ്‍ വരെ നീണ്ടുനിന്ന ഖത്തറിന്റെ വിന്റര്‍ ക്രൂയിസ് സീസണിന്റെ അവസാനവും ജൂണ്‍ മാസത്തില്‍ അടയാളപ്പെടുത്തി. ഈ സീസണില്‍, 34 ക്രൂയിസ് കപ്പലുകളിലായി 101,000 ക്രൂയിസ് കപ്പല്‍ സന്ദര്‍ശകരെ ഖത്തര്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ മൊത്തം വരവിന്റെ ഏകദേശം 12% ആണ് ഇത്.