ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ @ 150 നാളെ ഐ .സി.സി യിലെ അശോക ഹാളില്‍
അമാനുല്ല വടക്കാങ്ങര
ദോഹ.മഹാകവി മോയിന്‍കുട്ടി കുട്ടി വൈദ്യരുടെ അനശ്വര പ്രേമകാവ്യമായ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ പിറന്നതിന്റെ 150 ാം വാര്‍ഷികത്തിന്റെ ഭാഗമായി, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയും ഇശല്‍ മാല മാപ്പിള കലാ സാഹിത്യ വേദി ഖത്തര്‍ ചാപ്റ്ററും സംയുക്തമായി ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
2022 ആഗസ്ത് 25 വ്യാഴാഴ്ച വൈകിട്ട് 06 :00 മണി മുതല്‍ അബു ഹമൂര്‍ ഐ . സി . സി യിലെ അശോക ഹാളില്‍ നടക്കുന്ന പരിപാടിക്ക് വൈദ്യര്‍ അക്കാദമി സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ നേതൃത്വം നല്‍കും.
ഇശല്‍ മാല മാപ്പിള കലാ സാഹിത്യ വേദി ഖത്തര്‍ ചാപ്റ്റര്‍ ലോഞ്ചിങ് ചടങ്ങും വേദിയില്‍ വെച്ച് നടക്കും.
ദോഹയിലെ കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന പരിപാടിയില്‍ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ കാവ്യ ശകലത്തിന്റെ വേറിട്ടൊരു സംഗീത ആവിഷ്‌കാരം അവതരിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദോഹയിലെ കലാ ആസ്വാദകര്‍ക്ക് നവ്യാനുഭവമാകുന്ന ഈ പരിപാടിയില്‍ ഏഷ്യാനെറ്റ് മൈലാഞ്ചി ഫൈനലിസ്‌റ് നസീം നിലമ്പുര്‍, കൈരളി പട്ടുറുമാല്‍ ഫെയിം ഹംദാന്‍ ഹംസ എന്നിവര്‍ക്കൊപ്പം ദോഹയിലെ പ്രശസ്ത ഗായികാ ഗായകരും അണി നിരക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ഡോ : അബ്ദുല്‍ സമദ് (പ്രസിഡന്റ്)സുബൈര്‍ വെള്ളിയോട് (ജനറല്‍ സെക്രട്ടറി), അജ്മല്‍ ടി കെ (ട്രഷറര്‍), സീനിയര്‍ വൈസ് പ്രസിഡണ്ട് ജാഫര്‍ തയ്യില്‍ , ഉപദേശക സമിതി അംഗങ്ങളായ ജി പി ചാലപ്പുറം , അന്‍വര്‍ ബാബു വടകര , മുസ്തഫ എലത്തൂര്‍ , ആഷിക് മാഹി, എന്നിവര്‍ പങ്കെടുത്തു.