ലുസൈര്‍ സൂപ്പര്‍ കപ്പ് വേദിയില്‍ മിഡില്‍ ഈസ്റ്റ് സൂപ്പര്‍ താരം അമര്‍ ദിയാബിന്റെ സംഗീത കച്ചേരിയും
അമാനുല്ല വടക്കാങ്ങര
ദോഹ: സെപ്തംബര്‍ 9 ന് ലോകകപ്പ് ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലുസൈല്‍ സൂപ്പര്‍ കപ്പ് വേദിയില്‍
മിഡില്‍ ഈസ്റ്റ് സൂപ്പര്‍ താരം അമര്‍ ദിയാബിന്റെ സംഗീത കച്ചേരിയും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതോടെ ലുസൈല്‍ സൂപ്പര്‍ കപ്പ് കൂടുതല്‍ ഐതിഹാസികമായി മാറുമെന്നുറപ്പായി
ഈജിപ്ഷ്യന്‍, സൗദി ലീഗുകളിലെ ചാമ്പ്യന്മാര്‍ തമ്മിലുള്ള ആവേശകരമായ പോരാട്ടം നടക്കുന്ന ലുസൈല്‍ സൂപ്പര്‍ കപ്പ് മത്സരത്തില്‍ ജനപ്രിയ ഈജിപ്ഷ്യന്‍ ഗായകന്‍ അമര്‍ ദിയാബിന്റെ ഇതിഹാസ കച്ചേരിയും ഉള്‍പ്പെടുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഇന്നാണ് അതിന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കായികലോകത്തും കലാസ്വാദകരിലും വമ്പിച്ച പ്രതികരണം സൃഷ്ടിക്കുന്ന പ്രഖ്യാപനമാണിത്.
ഗായകനും ഗാനരചയിതാവും,ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉള്‍പ്പടെ ഏഴ് ലോക സംഗീത അവാര്‍ഡ് ജേതാവും മിഡില്‍ ഈസ്റ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കലാകാരന്മാരില്‍ ഒരാളുമായി കണക്കാക്കപ്പെടുന്ന സൂപ്പര്‍ താരമാണ് അമര്‍ ദിയാബ്
80,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലുസൈല്‍ സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 9 ന് ദോഹ സമയം രാത്രി 9 മണിക്കാണ് ഏറെ കാത്തിരുന്ന മത്സരം. ലുസൈല്‍ സൂപ്പര്‍ കപ്പിനുള്ള ടിക്കറ്റുകള്‍ ഫിഫ വെബ്സൈറ്റില്‍ വില്‍പന തുടരുന്ന സമയത്താണ് സംഘാടകരുടെ പുതിയ പ്രഖ്യാപനം. ഇത് മത്സരത്തിനുള്ള ടിക്കറ്റുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലൂസൈല്‍ സൂപ്പര്‍ കപ്പ് ടിക്കറ്റുകള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് വില്‍പന നടക്കുന്നതെന്നും ടിക്കറ്റ് സ്വന്തമാക്കിയവര്‍ ഹയ്യ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഹയ്യ കാര്‍ഡ് വാങ്ങണമെന്നും സംഘാടകര്‍ ഓര്‍മിപ്പിച്ചു. മത്സരം നടക്കുന്ന ദിവസം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണ് .