സെപ്തംബര്‍ 4 മുതല്‍ ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കുന്നു, സന്ദര്‍ശകര്‍ക്ക് യാത്രക്ക് 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍. നെഗറ്റീവ് നിര്‍ബന്ധം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ യാത്രാ നയത്തില്‍ കാതലായ മാറ്റം വരുത്തി പൊതുജനാരോഗ്യ മന്ത്രാലയം. ഇതനുസരിച്ച് സെപ്തംബര്‍ 4 മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ല. എന്നാല്‍ സന്ദര്‍ശകര്‍ക്ക് യാത്രക്ക് 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍. നെഗറ്റീവ് നിര്‍ബന്ധമായിരിക്കും. അതുപോലെ തന്നെ കോവിഡ്-19 പോസിറ്റീവ് ആകുന്നവര്‍
രാജ്യത്ത് പിന്തുടരുന്ന നടപടിക്രമങ്ങള്‍ക്കനുസൃതമായി ഐസൊലേഷനും ക്വാറന്റൈനും വിധേയരാകേണ്ടി വരും. സെപ്റ്റംബര്‍ 4 ഞായറാഴ്ച വൈകിട്ട് ആറ് മണി മുതലാണ് പുതിയ മാറ്റം നിലവില്‍ വരിക.
കോവിഡ് നിലയനുസരിച്ച് രാജ്യങ്ങളെ തരം തിരിക്കുന്നതും അവസാനിപ്പിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിന്റെ ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസി രാജ്യത്തിന്റെ കോവിഡ് നിയന്ത്രണത്തിലെ ഒരു പ്രധാന നടപടിയാണെന്നും ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് കര്‍ശനമായ നയം നടപ്പിലാക്കിയത് കോവിഡ് ഭീഷണിയെ പ്രതിരോധിക്കുവാന്‍ ഏറെ സഹായകമായതായും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തും അന്തര്‍ദേശീയമായും ഉള്ള ഏറ്റവും പുതിയ കോവിഡ് 19 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് യാത്ര നയത്തില്‍ മാറ്റം വരുത്തിയത്.
പുതിയ അപ്ഡേറ്റ് അനുസരിച്ച്, വ്യക്തിയുടെ വാക്സിനേഷന്‍ നില പരിഗണിക്കാതെ തന്നെ, ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇപ്പോഴും എത്തിച്ചേരുന്നതിന് മുമ്പും ശേഷവും കോവിഡ്-19 പരിശോധനാ നടപടികള്‍ ആവശ്യമാണ്.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സെന്ററിലോ പബ്ലിക് ഹെല്‍ത്ത് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്വകാര്യ മെഡിക്കല്‍ സെന്ററിലോ ഖത്തറിലെത്തുമ്പോള്‍ പൗരന്മാരും താമസക്കാരും 24 മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയരാകണം.
സന്ദര്‍ശകര്‍ ഖത്തറിലേക്കുള്ള ഷെഡ്യൂള്‍ ചെയ്ത ഫ്‌ളൈറ്റിന് 48 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ച പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഖത്തറിലേക്കുള്ള ഷെഡ്യൂള്‍ ചെയ്ത ഫ്‌ളൈറ്റിന് 24 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ച റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം.