Breaking News

ഖത്തറില്‍ നാളെ മുതല്‍ വീണ്ടും മാസ്‌ക്കഴിക്കുവാന്‍ തീരുമാനം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നാളെ മുതല്‍ വീണ്ടും മാസ്‌ക്കഴിക്കുവാന്‍ തീരുമാനം . പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്ന് ( ബുധന്‍ ) അമീരീ ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ ഫേസ് മാസ്‌ക് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആരോഗ്യ സൗകര്യങ്ങള്‍ക്കുള്ളിലും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും ഫേസ് മാസ്‌ക് ധരിക്കണമെന്ന് മന്ത്രി സഭ നിര്‍ദേശിച്ചു.

അതുപോലെ തന്നെ അടച്ച സ്ഥലങ്ങളില്‍ ആയിരിക്കുകയും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യേണ്ട ജോലിയുടെ സ്വഭാവമുള്ള എല്ലാ ജീവനക്കാരും തൊഴിലാളികളും അവരുടെ ജോലി കാലയളവില്‍ മാസ്‌ക് ധരിക്കണമെന്ന് കാബിനറ്റ് കൂട്ടിച്ചേര്‍ത്തു.

ഖത്തറില്‍ ഇത് രണ്ടാം തവണയാണ് മാസ്‌ക്കഴിക്കുന്നത്. രാജ്യത്ത് കോവിഡ് സ്ഥിതി ഗതികള്‍മെച്ചപ്പെടുകയും നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി മെയ് 18 ന് മാസ്‌ക്കഴിക്കുവാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജൂലൈ ആദ്യത്തോടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുകയായിരുന്നു.

നിലവില്‍ രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും രാജ്യം ഫിഫ 2022 ലോകകപ്പിന് ആതിഥ്യമരുളാനൊരുങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ മാസ്‌ക്കഴിക്കുന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കുമെന്നുമാണ് കണക്കാക്കുന്നത്.