ഫിഫ 2022 ലോകകപ്പിന് അണിഞ്ഞൊരുങ്ങുന്നതിന്റെ ഭാഗമായി വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കുന്ന സീന കാമ്പയിന്‍ രജിസ്ട്രേഷന്‍ തീയതി നീട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ 2022 ലോകകപ്പിന്റെ ഭാഗമായി വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കാനുള്ള സീനകാമ്പയിന്‍ രജിസ്ട്രേഷന്‍ തീയതി നീട്ടിനല്‍കിയതായി അശ്ഗാല്‍ അറിയിച്ചു.
സ്‌കൂള്‍-സര്‍വകലാശാല വിഭാഗങ്ങളുടെ രജിസ്ട്രേഷന്‍ സമയം ആഗസ്റ്റ് 30 ല്‍ നിന്ന് സെപ്റ്റംബര്‍ 30 വരെയായും മറ്റു വിഭാഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 15 വരെയായുമാണ് രജിസ്റ്റര്‍ തീയതി നീട്ടിയത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, മുനിസിപ്പാലിറ്റി മന്ത്രാലയം, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, ഖത്തര്‍ മ്യൂസിയങ്ങള്‍, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് അലങ്കാര മല്‍സര കാമ്പയിന്‍ ജൂണ്‍ 22 ന് പൊതുമരാമത്ത് അതോറിറ്റി പ്രഖ്യാപിച്ചത്.
സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും മല്‍സരത്തിന് വമ്പിച്ച പ്രതികരണമാണുണ്ടായത്. വേനലവധി പ്രമാണിച്ച് പലരും യാത്രയിലായിരുന്നതിനാല്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതുകൂടി പരിഗണിച്ചാണ് തീയതി നീട്ടിയതെന്നാണറിയുന്നത്.
‘സീന’ പദ്ധതിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://zeeenah.ashghal.gov.qa/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. മത്സരത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പൂര്‍ണ വിവരങ്ങളും നിബന്ധനകളും നിര്‍ദേശങ്ങളുമെല്ലാം വെബ്സൈറ്റില്‍ ലഭ്യമാണ്.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവ മത്സരവിഭാഗങ്ങളായിരിക്കും. സ്‌കൂള്‍ വിഭാഗത്തില്‍ നിന്നും വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 40,000, 30,000, 20,000 റിയാല്‍ വീതം സമ്മാനം ലഭിക്കും.
യൂനിവേഴ്സിറ്റി വിഭാഗത്തിലെ വിജയികള്‍ക്ക് യഥാക്രമം 60,000, 50,000, 40,000 റിയാല്‍ വീതമാണ് സമ്മാനം .
ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റി, നമുക്ക് ആഘോഷിക്കാം എന്ന മുദ്രാവാക്യത്തിന് കീഴിലാണ് സീന സംരംഭം ആരംഭിച്ചത്, ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ മുന്‍ഭാഗങ്ങള്‍, പ്ലാസകള്‍, പാര്‍ക്കുകള്‍, പൊതു സൗകര്യങ്ങള്‍ തുടങ്ങിയവ മനോഹരമാക്കുകയും അലങ്കരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഫിഫ 2022 ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമ്പോള്‍ രാജ്യത്തെ അണിയിച്ചൊരുക്കുകയാണ് സീന കാമ്പയിന്‍.