
ഖത്തറിന്റെ കാഴ്ചപ്പാടുകളുടേയും അഭിലാഷങ്ങളുടേയും പ്രതീകമായി ലുസൈല്‍ നഗരം ലോക ശ്രദ്ധയിലേക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ കാഴ്ചപ്പാടുകളുടേയും അഭിലാഷങ്ങളുടേയും പ്രതീകമായി ലുസൈല്‍ നഗരം ലോക ശ്രദ്ധയിലേക്ക് .ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ലുസൈല്‍ സ്‌റ്റേഡിയവും ലോകോത്തര സംവിധാനങ്ങളും ലുസൈല്‍ നഗരത്തെ ശ്രദ്ധേയമാക്കുന്നു. ഖത്തറിന്റെ വികസന കുതിപ്പുകളുടെ ശ്രദ്ധാകേന്ദ്രമായ ലുസൈല്‍ നഗരത്തില്‍ അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ വികസനത്തിന്റേയും പുരോഗതിയുടേയും മാതൃകയായി ലുസൈല്‍ മാറിയിരിക്കുന്നു.
ആധുനിക ഖത്തറിന്റെ ഐതിഹാസിക ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള നഗരമാണ് ലുസൈല്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍, ആധുനിക ഖത്തറിന്റെ സ്ഥാപകനായ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍ താനിയുടെ കേന്ദ്രമായിരുന്നു ലുസൈല്‍. ദോഹയില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള ലുസൈല്‍ കാസില്‍ നിര്‍മ്മിച്ച് അദ്ദേഹം ലുസൈല്‍ നഗരത്തിന്റെ സ്ഥാനം അടയാളപ്പെടുത്തി.
അല്‍ വാസൈല്‍’ എന്നതില്‍ നിന്നാണ് നഗരത്തിന്റെ പേര് ലഭിച്ചത്. ഇത് പ്രദേശത്തെ തദ്ദേശീയമായ ഒരു അപൂര്‍വ സസ്യത്തിന്റെ അറബി പേരാണെന്നാണ് പറയപ്പെടുന്നത്.
ശൈഖ് ജാസിം ലുസൈലിനെ തന്റെ വീടാക്കി മാറ്റി ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടപ്പോള്‍ പുതിയ ഖത്തറിന്റെ ശില്‍പികള്‍ പ്രദേശത്തെ ഒരു അള്‍ട്രാ മോഡേണ്‍ നഗരമാക്കി മാറ്റാന്‍ പദ്ധതിയിടുകയായിരുന്നു. 2005 മുതല്‍ ആരംഭിച്ച ആ സ്വപ്‌ന പദ്ധതിയും ദര്‍ശനവും ക്രമേണ യാഥാര്‍ത്ഥ്യമായി. അത്യാധുനിക സൗകര്യങ്ങളുള്ള നഗരമായി മാറിയ ലുസൈല്‍ ഇന്ന് ലോക കായിക ഭൂപടത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. മേഖലയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്‌റ്റേഡിയമെന്ന ഖ്യാതി നേടിയ ലുസൈല്‍ സ്‌റ്റേഡിയം ഫിഫ 2022 ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ വേദിയാണ് . നവംബര്‍ 22 ന് അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള ഗ്രൂപ്പ് സി പോരാട്ടത്തോടെ ആരംഭിച്ച്, ഡിസംബര്‍ 18 ലെ കലാശക്കൊട്ടിന് വരെ വേദിയാകുന്നതോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത നഗരമായി ലുസൈല്‍ മാറുമെന്നുറപ്പാണ് .
ലോകകപ്പിന്റെ ഡ്രസ്സ്് റിഹേര്‍സലെന്നോണം സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള ലുസൈല്‍ സൂപ്പര്‍ കപ്പിനും സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. മത്സരത്തിന് ശേഷം സുവര്‍ണ വേദിയില്‍ നിറഞ്ഞുനില്‍ക്കുന്ന എണ്‍പതിനായിരത്തോളം വരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കായി പ്രത്യേക സംഗീതക്കച്ചേരിയും അരങ്ങേറും.
ലുസൈല്‍ നഗരമിപ്പോള്‍ ് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, കായിക സൗകര്യങ്ങള്‍, അത്യാധുനിക പൊതുഗതാഗത ശൃംഖല എന്നിവയാല്‍ ധന്യമാണ് . ഒരു മറീനയും തിരക്കേറിയതും ഈന്തപ്പനകള്‍ നിറഞ്ഞതുമായ ഒരു പ്രൊമെനേഡും ഇവിടെയുണ്ട്.
രാജ്യത്തിന്റെ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിതമായ ഖത്തരി ദിയാര്‍ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ നേതൃത്വത്തില്‍, ലുസൈല്‍ സിറ്റിയുടെ വികസനം ഖത്തര്‍ നാഷണല്‍ വിഷന്‍ 2030-ന്റെ കേന്ദ്രമാണ് – വിജ്ഞാന സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും രാജ്യത്തിന്റെ ഹൈഡ്രോകാര്‍ബണുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിടുന്ന വിപുലമായ വികസന പദ്ധതിയാണിത്.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തറിന് ലഭിക്കുന്നതിന് വളരെ മുമ്പ് തന്നെ 4 ലക്ഷത്തോളം ആളുകളെ ഉള്‍കൊള്ളുന്ന ആധുനിക നഗരമായി ലുസൈലിനെ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി ഖത്തരി ദിയാറിലെ ചീഫ് പ്രൊജക്റ്റ് ഡെലിവറി ഓഫീസര്‍ ഫഹദ് അല്‍ ജഹാംരി പറഞ്ഞു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒഴിവുസമയങ്ങള്‍ ആനന്ദകരമായി ചിലവഴിക്കുന്നതിനും വിനോദത്തിനും സൗകര്യപ്പെടുന്ന ഒരു ഹബ് സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ കാഴ്ചപ്പാട്. എന്നാല്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചത് ദേശീയ വീക്ഷണത്തെ ഗണ്യമായി ത്വരിതപ്പെടുത്തി. ദോഹ മെട്രോ, പുതിയ റോഡുകള്‍, ലുസൈല്‍ സിറ്റിയുടെ വികസനം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ അമിതവേഗതയിലായി. 2022-ല്‍ ഖത്തറില്‍ ഒരു ദശലക്ഷത്തിലധികം ആരാധകരെ ഉള്‍ക്കൊള്ളുന്ന ലുസൈലിന്റെ സംയോജിത പൊതുഗതാഗത സംവിധാനമാണ് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ക്ക് ആന്റ് റൈഡ് സ്റ്റേഷനുകള്‍, മെട്രോയുമായി ബന്ധിപ്പിച്ചിട്ടുള്ള ലൈറ്റ് റെയില്‍ ഗതാഗത ശൃംഖല, ജലഗതാഗത സംവിധാനം, 75 കി.മീ. സൈക്ലിംഗ്, നടത്തം പാതകള്‍ മുതലായവ ലുസൈല്‍ നഹരത്തിന് സ്വന്തമാണ്.
നിലവിലുള്ള ഗതാഗത സംവിധാനങ്ങളുടെ വൈവിധ്യവും അവ യോജിപ്പില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതുമാണ ‘ലുസൈലിന്റെ പ്രധാനമായ ഒരു സവിശേഷത. നഗരത്തിനുള്ളില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് കാര്‍ ഉപയോഗിക്കാതെ ചുറ്റിക്കറങ്ങാനാകും. ഇത് ലുസൈല്‍ ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന സുസ്ഥിരമായ കീഴ്‌വഴക്കങ്ങളുടെ ഭാഗമാണ് അല്‍ ജഹാംരി പറഞ്ഞു.
2015 ലെ പുരുഷന്മാരുടെ ഹാന്‍ഡ്ബോള്‍ ലോക ചാമ്പ്യന്‍ഷിപ്പും 2021 ലെ ഖത്തറിന്റെ ആദ്യത്തെ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രിക്‌സുമടക്കം സമീപ വര്‍ഷങ്ങളില്‍, ലുസൈല്‍ നിരവധി പ്രധാന കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഡിസംബര്‍ 18 ന് ഫിഫ ലോകകപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന നഗരം ലോകമെമ്പാടുമുള്ള ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമാകും. ഖത്തര്‍ ദേശീയദിനവും ലോകഫുട്‌ബോള്‍ മേളയുടെ കലാശക്കൊട്ടും ഒരുമിക്കുന്ന ആ അവിസ്മരണീയ ദിനം ലുസൈല്‍ നഗരത്തിന്റെ വളര്‍ച്ചാവഴിയിലെ മറ്റൊരു നാഴികകല്ലാകും.