ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ച് ഒമാനും ജോര്‍ദാനും
അമാനുല്ല വടക്കാങ്ങര
ദോഹ.ഫിഫ 2022ലെ ലോകകപ്പ് ഖത്തറിന്റൈ ഫാന്‍ ഐഡിയായ ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുമായി ഒമാനും ജോര്‍ദാനും രംഗത്ത്. നേരത്തെ സൗദി അറേബ്യയും ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഒമാന്‍ അനുവദിക്കുന്ന സൗജന്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 60 ദിവസം വരെ സാധുത ഉണ്ടായിരിക്കുമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു.2022 ലോകകപ്പ് ഖത്തറിനൊപ്പമുള്ള ഒമാന്റെ പരിപാടിയുടെ വിശദാംശങ്ങള്‍ ടൂറിസം ആന്‍ഡ് ഹെറിറ്റേജ് മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഒരു ഹയ്യ കാര്‍ഡ് ഉടമയ്ക്ക് ഒമാനില്‍ താമസിക്കുന്ന തന്റെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളെ അനുഗമിക്കാനും രാജ്യത്ത് ആയിരിക്കുമ്പോള്‍ മറ്റൊരു വിഭാഗത്തിലേക്ക് വിസ മാറ്റാനും അനുവാദമുണ്ടെന്നും ഇത് കൂട്ടിച്ചേര്‍ത്തു.
ഹയ്യാ കാര്‍ഡുള്ള എല്ലാ ദേശക്കാര്‍ക്കും ജോര്‍ദാനില്‍ പ്രവേശിക്കുന്നതിന് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുമെന്ന് ജോര്‍ദാനും പ്രഖ്യാപിച്ചു. ഈ തീരുമാനം കായികപ്രേമികളെ ജോര്‍ദാനിലേക്ക് ആകര്‍ഷിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പ്രതീക്ഷിക്കുന്നത്.