ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വമ്പിച്ച പുരോഗതി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വമ്പിച്ച പുരോഗതി . കഴിഞ്ഞ 48 മാസമായി ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വില്‍പനയ്ക്കുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് ആവശ്യക്കാരേറെയാണെന്ന് റിയല്‍ എസ്റ്റേറ്റ് വിപണന കേന്ദ്രമായ ഖത്തര്‍ പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു .
4,859,712,958 റിയാല്‍ മൂല്യമുള്ള 1,251 റിയല്‍ എസ്റ്റേറ്റ് വില്‍പ്പന ഇടപാടുകള്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നടന്നതായി നീതിന്യായ മന്ത്രാലയത്തിന്റെ ത്രൈമാസ റിയല്‍ എസ്റ്റേറ്റ് ബുള്ളറ്റിന്‍ വെളിപ്പെടുത്തി. ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം കൂടുതലാളുകളെ ആകര്‍ഷിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍ ഖത്തര്‍ കണ്‍ട്രി മാനേജര്‍ അഫാഫ് ഹാഷിം പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വിദേശ സ്വത്ത് ഉടമസ്ഥാവകാശവും നിക്ഷേപ നിയമവും ആനുകൂല്യങ്ങളും വിദേശികള്‍ക്ക് ഇപ്പോള്‍ നിക്ഷേപം നടത്താന്‍ അനുമതിയുള്ള മേഖലകളിലെ വര്‍ദ്ധനവുമാണ് ഈ ആവശ്യത്തിന് കാരണമെന്ന് ഹാഷിം വിശദീകരിച്ചു.
”ഖത്തര്‍ മേഖലയ്ക്കുള്ളിലെ മത്സരാധിഷ്ഠിതവും താങ്ങാനാവുന്നതുമായ ഒരു റിയല്‍ എസ്റ്റേറ്റ് വിപണിയാണ്, കൂടാതെ 3.7 മില്യണ്‍ റിയാലോ (1 മില്യണ്‍ ഡോളര്‍) അതില്‍ കൂടുതലോ മൂല്യമുള്ള സ്വത്ത് സ്വന്തമാക്കുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്താല്‍ സ്ഥിരതാമസാവകാശം നേടാന്‍ കഴിയുമെന്നതും വിദേശ നിക്ഷേപകര്‍ക്ക് ആകര്‍ഷകമാണ്. ‘
വിദേശ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വെസ്റ്റ് ബേ ഏരിയ (ലെഗ്തൈഫിയ), ദി പേള്‍-ഖത്തര്‍, അല്‍ ഖോര്‍ റിസോര്‍ട്ട്, ദഫ്ന (അഡ്മിന്‍ ഡിസ്ട്രിക്ട് നമ്പര്‍ 60), ദഫ്ന (അഡ്മിന്‍ ഡിസ്ട്രിക്ട് നമ്പര്‍. 61), ഒനൈസ (അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്റ്റ്), ലുസൈല്‍, അല്‍ ഖറൈജ്, ജബല്‍ തുവൈലെബ് എന്നീ ഏരിയകളില്‍ രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാന്‍ അനുവാദമുണ്ട്.
ലുസൈല്‍ സിറ്റി, ക്വെറ്റൈഫാന്‍ ദ്വീപ്, ഗെവാന്‍ ദ്വീപ് എന്നിവയാണ് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന പ്രധാന മേഖലകള്‍.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് ശേഷവും റിയല്‍ എസ്റ്റേറ്റ് മേഖല വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഖത്തര്‍ അതിന്റെ ദേശീയ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുകയും 2030 ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നതിനാല്‍ നിക്ഷേപം തുടരാനാണ് സാധ്യത.