ആദ്യ ഹയ്യ സേവന കേന്ദ്രം അല്‍ സദ്ദിലെ അലി ബിന്‍ ഹമദ് അല്‍ അത്തിയ അരീനയില്‍ പ്രവര്‍ത്തനമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിന് ടിക്കറ്റെടുത്തവര്‍ക്ക് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനമനുവദിക്കുന്നതിന് നിര്‍ബന്ധമായ ഫാന്‍ ഐഡിയായ ഹയ്യ കാര്‍ഡ് നല്‍കുന്നതിനുള്ള ആദ്യ ഹയ്യ സേവന കേന്ദ്രം അല്‍ സദ്ദിലെ അലി ബിന്‍ ഹമദ് അല്‍ അത്തിയ അരീനയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഈ കേന്ദ്രം പ്രവര്‍ത്തിക്കും.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഇന്നലെ നടത്തിയ ഹയ്യ കാര്‍ഡ് വാക്ക്ത്രൂ പ്രോഗ്രാമിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടാമത്തെ ഹയ്യ സേവന കേന്ദ്രം വെസ്റ്റ് ബേയിലെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) ഉടന്‍ തുറക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചു.
റാമി ഖഷ്മെല്‍മോസ്, ഒസാമ എല്‍ഷാമി എന്നിവരുള്‍പ്പെടെ എസ്സി ഉദ്യോഗസ്ഥരുടെ ഒരു സംഘം പരിപാടിയില്‍ പങ്കെടുത്തു.
മാച്ച് ടിക്കറ്റ് വാങ്ങിയ ആരാധകര്‍ www.qatar2022.qa വഴി കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിച്ച ശേഷമാണ് സേവന കേന്ദ്രങ്ങളില്‍ നിന്നും ഹയ്യ കാര്‍ഡിന്റെ പ്രിന്റഡ് ഫോം സ്വന്തമാക്കേണ്ടത്.
ഹയ്യ കാര്‍ഡിന്റെ ഫിസിക്കല്‍ പതിപ്പ് നഷ്ടപ്പെടുന്നവര്‍ക്ക് ഈ ഏതെങ്കിലും കേന്ദ്രങ്ങളില്‍ പകരം വാങ്ങാം.
ഹയ്യ കാര്‍ഡ് നവംബര്‍ 1 മുതല്‍ ജനുവരി 23 വരെ സാധുതയുള്ളതായിരിക്കുമെന്നും ഒന്നിലധികം എന്‍ട്രികള്‍ക്കും ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സമയത്ത് ആരാധകര്‍ക്കായി പ്രത്യേക എന്‍ട്രി പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള മറ്റ് രാജ്യങ്ങളിലേക്ക് പ്രവേശിക്കാനും ഉപയോഗിക്കാമെന്നും അധികൃതര്‍ വിശദീകരിച്ചു. ഖത്തറിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പ്രവേശിക്കാന്‍ ഡിജിറ്റല്‍ കാര്‍ഡുകളും ഉപയോഗിക്കാമെന്ന് സുപ്രീം കമ്മറ്റി വ്യക്തമാക്കി.
മാച്ച് ടിക്കറ്റിന് പുറമേ താമസവും ബുക്ക് ചെയ്തവര്‍ക്കാണ് ഹയ്യാ കാര്‍ഡ് ലഭിക്കരുക. ഔദ്യോഗിക ചാനലിന് പുറമെ മറ്റ് ചാനലുകള്‍ വഴിയും താമസ സൗകര്യം ബുക്ക് ചെയ്യാമെന്നും ഹയ്യ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ ബുക്കിംഗ് സ്ഥിരീകരണ രേഖ അപ്ലോഡ് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.