ഡോ.യൂസുഫുല്‍ ഖറദാവിക്ക് ആയിരങ്ങളുടെ അന്ത്യാജ്ഞലി
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്നലെ അന്തരിച്ച ലോക പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ.യൂസുഫുല്‍ ഖറദാവിക്ക് ആയിരങ്ങളുടെ അന്ത്യാജ്ഞലി .
അസര്‍ നമസ്‌കാരാനന്തരം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ സ്വദേശികളും വിദേശികളുമടക്കം ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. മലയാളികളെ ഏറെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഖറദാവിയുടെ അന്ത്യ ചടങ്ങുകളിലും മലയാളി സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
പതിറ്റാണ്ടുകളോളം ഖത്തറിലെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന ഖറദാവിയുടെ ശിഷ്യ ഗണങ്ങളടക്കം നിരവധി പേരാണ് ബാങ്ക് വിളിക്കുന്നതിന് മുമ്പ് തന്നെ പള്ളിയിലെത്തിയത്. നമസ്‌കാരാനന്തരം അബൂ ഹമൂര്‍ ഖബര്‍സ്ഥാനിലും ആയിരങ്ങളെത്തി ഖറദാവിയുടെ അന്ത്യയാത്ര അടയാളപ്പെടുത്തി .
വൈകാരികോജ്വലമായ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും പശ്ചാത്തലമൊരുക്കി സന്ധ്യയോടെ അബൂ ഹമൂര്‍ ഖബര്‍സ്ഥാന്‍ ഖറദാവിയുടെ ഭൗതിക ദേഹം ഏറ്റെടുത്തു. 96 വര്‍ഷത്തെ സക്രിയമായ ജീവിതപാഠങ്ങളും മാനവ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും ഉജ്വല സന്ദേശങ്ങളും ബാക്കിയാക്കിയാണ് നൂറ്റാണ്ടിലെ വിസ്മയ പ്രതിഭയായ ഡോ.യൂസുഫുല്‍ ഖറദാവി വിടവാങ്ങിയത്.